ഖുർആൻ വിരുദ്ധ സമരമെന്ന പ്രചാരണം വ്യാപിപ്പിക്കുന്നു
കൊല്ലം: സ്വർണക്കടത്ത് കേസിൽ എൻ.ഐ.എയും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീലിന്റെ രാജി തേടി പ്രതിപക്ഷ സംഘടനകൾ നടത്തുന്ന സമരത്തെ ബൂത്തു തലങ്ങളിൽ വരെ പ്രതിരോധിക്കാൻ സി.പി.എമ്മും പോഷക സംഘടനകളും തയ്യാറെടുപ്പ് തുടങ്ങി. ഖുർആന്റെ മറവിൽ സ്വർണം കടത്തിയെന്ന പ്രതിപക്ഷ ആരോപണത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ നേരിട്ടത് ഖുർആൻ വിരുദ്ധ സമരമെന്ന് വിശേഷിപ്പിച്ചാണ്.
ജലീലിനെതിരെ ഉയരുന്ന ആരോപണങ്ങൾ ഖുർആന് എതിരായ അവഹേളനമാണെന്ന നിലപാടാണ് പാർട്ടി പത്രത്തിലെ ലേഖനത്തിലൂടെ കോടിയേരി പറഞ്ഞത്. അഴീക്കോടൻ ദിനമായ 23ന് എല്ലാ ഏരിയാ കേന്ദ്രങ്ങളിലും അക്രമ വിരുദ്ധ കൂട്ടായ്‌മ സംഘടിപ്പിക്കാനും പാർട്ടി സെക്രട്ടേറിയറ്റ് തീരുമാനിച്ചു. വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതകത്തെ വീണ്ടും സജീവ ചർച്ചയാക്കി കോൺഗ്രസിനെ പ്രതിരോധത്തിലാക്കാനാണ് സി.പി.എം നീക്കം. അതോടൊപ്പം കോൺഗ്രസ് ഖുർആൻ വിരുദ്ധ സമരം നടത്തുന്നുവെന്ന പ്രചാരണവും ഗുണം ചെയ്യുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നു. ബി.ജെ.പി - യു.ഡി.എഫ് സമരങ്ങൾക്കെതിരെ 29ന് ജില്ലാ കേന്ദ്രങ്ങളിൽ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ അക്രമ വിരുദ്ധ കാംപെയിനും സംഘടിപ്പിക്കുന്നുണ്ട്.
പ്രതിരോധം മുറുക്കി
സ്വർണ കള്ളക്കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്ന മന്ത്രി വി. മുരളീധരൻ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ചിന്നക്കടയിൽ ഡി.വൈ.എഫ്.ഐ നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് ധർണയും പാർട്ടി പ്രതിരോധത്തിന്റെ ഭാഗമായിരുന്നു. വ്യാഴാഴ്ച രാത്രി 7.45 ഓടെ ചവറയിൽ മന്ത്രി എ.കെ. ബാലന്റ ഔദ്യോഗിക വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ചവറയിൽ നടത്തിയ മാർച്ചിൽ കോൺഗ്രസ് ഓഫീസുകൾക്കും കൊടിമരങ്ങൾക്കും നേരെ വ്യാപക ആക്രമണം നടന്നിരുന്നു.
സമരം സജീവമാക്കി ഇരുപക്ഷവും
ജില്ലയിൽ സർക്കാർ വിരുദ്ധ സമരം സജീവമാക്കാനാണ് യൂത്ത് കോൺഗ്രസ്, യുവമോർച്ച എന്നിവരുടെ തീരുമാനം. സർക്കാർ ഓഫീസുകൾ തുറക്കുന്ന ചൊവ്വാഴ്ച മുതൽ വീണ്ടും ജില്ലാ ആസ്ഥാനം സമര കേന്ദ്രമാകാനാണ് സാദ്ധ്യത.
വർഗീയ സംഘർഷം ഉണ്ടാക്കാൻ കോടിയേരി വ്യാജ പ്രചാരണം നടത്തുന്നുവെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നിലപാട് ജില്ലയിലും സജീവമാക്കുകയാണ് യുവമോർച്ച - ബി.ജെ.പി പ്രവർത്തകർ. ഖുർആനെ മറയാക്കി സി.പി.എം തടിയൂരേണ്ടെന്ന് ലീഗും, ബി.ജെ.പിയേക്കാൾ വലിയ വർഗീയ ശ്രമമാണ് സി.പി.എമ്മിന്റേതെന്ന കോൺഗ്രസ് നിലപാടും വന്നതോടെ ജില്ലയിലെ സമരങ്ങൾ കൂടുതൽ സജീവമാക്കാൻ ഒരുങ്ങുകയാണ് യു.ഡി.എഫ്.