കൊല്ലം: അഷ്ടമുടി കായലിന്റെ തീരത്തും തുരുത്തുകളിലുമുള്ള കുടുംബങ്ങൾക്ക് ബയോ ടോയ്ലറ്റുകൾ നൽകും. അഷ്ടമുടി കായലിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കാതിരിക്കാനുള്ള കരുതലെന്ന നിലയിലാണ് കൊല്ലം കോർപ്പറേഷന്റെ നേതൃത്വത്തിൽ ബയോ ടോയ്ലറ്റുകൾ നിർമ്മിച്ചു നൽകുന്നത്. മൺറോത്തുരത്ത് പഞ്ചായത്ത് നേരത്തേ നടപ്പാക്കിയ പദ്ധതിയെ മാതൃകയാക്കിയാണ് ഈ പ്രവർത്തനം. കോർപ്പറേഷന്റെ ഇത്തവണത്തെ വാർഷിക പദ്ധതിയിൽ ബയോ ടോയ്ലെറ്റ് വിതരണം ഉൾപ്പെടുത്തിയിട്ടുണ്ട്. ഘട്ടംഘട്ടമായി കായലിന്റെ തീരത്തും തുരുത്തുകളിലുമുള്ള എല്ലാ വീടുകളിലും ബയോ ടോയ്ലെറ്റ് സ്ഥാപിക്കുകയാണ് ലക്ഷ്യം. കായലിലേക്ക് വ്യാപകമായി കക്കൂസ് മാലിന്യം ഒഴുക്കുന്നത് അസഹ്യമായ ദുർഗന്ധത്തിന് കാരണമായിട്ടുണ്ട്. ഇതുകൂടാതെ കായലിന്റെ ജൈവഘടനയേയും ഇത് സാരമായി ബാധിക്കുന്നുണ്ട്. നിയമസഭാ സമിതിയുടെ നിർദ്ദേശമനുസരിച്ച് ഒന്നര വർഷം മുമ്പ് നഗരസഭാ ആരോഗ്യവിഭാഗം നഗരപരിധിയിലെ അഷ്ടമുടി കായലിന്റെ തീരത്തെയും തുരുത്തുകളിലെയും വീടുകളിൽ പരിശോധന നടത്തിയിരുന്നു. കായലിന്റെ മുകൾത്തട്ടിലേക്ക് തന്നെ 1500 വീടുകളിൽ നിന്ന് മാലിന്യം ഒഴുക്കുന്നതായി കണ്ടെത്തുകയും ചെയ്തു. ഇതിൽ 600 ഓളം പൈപ്പുകൾ കക്കൂസ് മാലിന്യത്തിന്റേതായിരുന്നു. കൂടുതൽ ആഴത്തിൽ പരിശോധിച്ചാൽ ഇതിലും കൂടുതൽ പൈപ്പുകൾ കണ്ടെത്താനായേക്കും.
800 ലിറ്റർ
സംഭരണ ശേഷി
എണ്ണൂറ് ലിറ്റർ സംഭരണ ശേഷിയുള്ള സിലിണ്ടർ രൂപത്തിലുള്ള ടാങ്കാണ് ബയോ ടോയ്ലെറ്റുകളുടെ പ്രധാനഘടകം. ഈ ടാങ്കിലേക്കെത്തുന്ന മാലിന്യത്തിലെ ജലാംശം വിവിധ ഘട്ടങ്ങളായി പൂർണമായും വേർതിരിച്ച് പുറത്തേക്ക് കളയും. കൃത്യമായി പരിപാലിച്ചാൽ വർഷങ്ങളോളം ടാങ്കിൽ നിന്ന് ഖരപദാർത്ഥങ്ങൾ നീക്കം ചെയ്യേണ്ടി വരില്ല. ഏകദേശം അമ്പതിനായിരം രൂപയാണ് ബയോ ടോയ്ലെറ്റിന്റെ നിർമ്മാണ ചെലവ്. നിശ്ചിത തുക കുടുംബങ്ങൾ ഗുണഭോക്തൃ വിഹിതമായി നൽകണം.