ദുരാത്മാക്കളെ ഓടിക്കാൻ മനുഷ്യർ പല വിദ്യകളും പ്രയോഗിക്കാറുണ്ട്. മന്ത്രവും ചാട്ടവാറടിയുമൊക്കെ ഇതിൽ പെടുന്ന ചില സൂത്രങ്ങളാണ്. എന്നാൽ, തായ്ലൻഡുകാർ ദുരാത്മാക്കളെ തുരത്താൻ പ്രയോഗിക്കുന്ന വിദ്യ കേട്ടാൽ നമ്മളൊന്ന് പകച്ചുപോകും. ശരീരത്തിൽ പരമാവധി മുറിവേൽപ്പിച്ചും വേദനിപ്പിച്ചുമുള്ള ആചാരമാണത്. ഫുക്കറ്റ് വെജിറ്റേറിയൻ ഫെസ്റ്റിവൽ എന്നാണ് ആ വിചിത്ര ആചാര രീതി അറിയപ്പെടുന്നത്. തങ്ങളെ അലട്ടുന്ന ദുരാത്മാക്കളെ ഭയപ്പെടുത്തി ഓടിയ്ക്കാനായി സ്വന്തം മുഖത്തും ശരീരത്തും കത്തിയും വാളും മുള്ളും കമ്പികളും മൃഗത്തിന്റെ കൊമ്പുകളും പണിയായുധങ്ങളും സംഗീത ഉപകരണങ്ങളും തോക്കും ഒക്കെ കുത്തിക്കയറ്റിയാണ് ഈ ആഘോഷം നടക്കുന്നത്. കണ്ടാൽ ആർക്കും പേടിതോന്നിപ്പോകും. ഇങ്ങനെയൊരു ആചാരം വേണമോയെന്നും ചിന്തിച്ചുപോകും. കൊട്ടും പാട്ടും ബഹളവുമൊക്കെയായിട്ടാണ് ഈ ഉത്സവം അരങ്ങേറുന്നത്.
9 ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവം ഒക്ടോബറിലാണ് നടക്കുക.19ാം നൂറ്റാണ്ടുമുതൽ ഈ ഉത്സവം ആചരിച്ച് പോരുന്നു.എല്ലാവരും വെള്ള വസ്ത്രം ധരിച്ചാണ് ഈ ഉത്സവത്തിൽ പങ്കെടുക്കുന്നത്.അന്നത്തെ ദിവസം ഏറ്റവുമധികം ഇഷ്ടപ്പെട്ട സസ്യ ആഹാരം ഉണ്ടാക്കി കഴിക്കും. മറ്രുള്ളവരെ വേദനിപ്പിക്കുകയോ മൃഗങ്ങളെ വേട്ടയാടുകയോ ചെയ്യില്ല. അതിനു പകരം സ്വയം മുറിവേൽപ്പിക്കുന്നു. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഇത് ആചരിക്കുന്നു. സ്വന്തം ശരീരത്തിൽ നടത്തുന്ന പീഡനങ്ങൾ അവരുടെ ആരോഗ്യത്തിനും മന:ശാന്തിക്കും നല്ലതാണ് എന്നും ഇവർ വിശ്വസിക്കുന്നു.