തിരഞ്ഞെടുപ്പ് കാര്യങ്ങൾ ചവറയിൽ ഇഴയുകയാണ്. തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം എടുക്കുന്നതിൽ വൈകുന്നതുകൊണ്ടല്ല, മറിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി പെയ്യുന്ന കനത്ത മഴയിൽ എല്ലാ സ്തംഭിച്ച മട്ടാണ്. കൊടികെട്ടാൻ പറ്റുന്നില്ല. ചുവരുകൾ ബുക്ക് ചെയ്യാൻ കഴിയുന്നില്ല. വോട്ടില്ലാത്തവരെ കണ്ടെത്താൻ വീടുകളിൽ കയറാനാവുന്നില്ല. കൂടിയാലോചനകൾ നടക്കുന്നില്ല. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെല്ലാം പെരുമഴ തകർക്കുകയാണ്.
തുള്ളിക്കൊരു കുടം പോലെയാണ് പെയ്തിറങ്ങുന്നത്. കർക്കിടകത്തിൽ പോലും പെയ്യാത്ത പെയ്ത്ത്. കൊവിഡ് മാസങ്ങൾക്ക് മുൻപ് എല്ലാവരെയും വീട്ടിലിരുത്തി. മാസ്‌കണിഞ്ഞ് പുറത്തിറങ്ങാമായിരുന്നെങ്കിലും ഇപ്പോൾ അതിനും പറ്റുന്നില്ല. ചിലർ ബുക്കുചെയ്ത ചുവരൊക്കെ മാഞ്ഞുപോയി. ഒന്നുണങ്ങാതെ വീണ്ടും ബുക്ക്ഡ് എഴുതാനാവില്ലല്ലോ. കെട്ടിയ കൊടി തോരണങ്ങളൊന്നും പലേടത്തും കാണാനില്ല. കാറ്റിൽ പറന്നുപോയി.
ചവറ മണ്ഡലത്തിൽ മിക്കയിടവും വെള്ളം കേറുന്ന സ്ഥലങ്ങളാണ്. പല വീടുകൾക്ക് മുന്നിലും വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളം ഒഴിയാതെ അവിടെയെങ്ങും തിരഞ്ഞെടുപ്പ് പ്രചാരണം നടക്കില്ല. വാർ റൂമായി സജ്ജമാക്കാനിരുന്ന പല ഓഫീസുകളും തുറക്കാറില്ല. ചിലത് വൈകിട്ട് മുന്നിന് ശേഷം തുറക്കാറുണ്ട്. പക്ഷേ കുട്ടി നേതാക്കളെയാരെയും കിട്ടാനില്ല. വോട്ടേഴ്‌സ് ലിസ്റ്റ് പരിശോധന ഓഫീസിൽ ഇരുന്ന് ചെയ്യലല്ലാതെ ഓൺലൈൻ കൂട്ടായ്മകൾ പോലും മരവിച്ചു.
വനിതാസംഘങ്ങളുടെ നേതാക്കളും മഴ തീരാതെ പുറത്തിറങ്ങില്ലെന്ന് നേതാക്കളോട് പറഞ്ഞുകഴിഞ്ഞു. മഴയൊന്ന് ശമിച്ചിട്ടാകാം പ്രവർത്തനമെന്ന മട്ടിലാണ് ഇപ്പോൾ എല്ലാവരും. സമരവും പ്രതിഷേധങ്ങളും ചവറയിലേയ്ക്ക് മാറ്റിയത് ഒന്ന് ഉഷാറാക്കാനായിരുന്നു. പക്ഷേ മഴയിൽ എല്ലാം തണുത്തുനിൽപ്പാണ്.