കുണ്ടറ കേരള സെറാമിക്‌സ് പ്ലാന്റ് നവീകരണം പൂർത്തിയായി
22ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
കൊല്ലം: കാലാനുസൃത നവീകരണം നടക്കാത്തതിനാൽ പ്രതിസന്ധിയിലായിരുന്ന കുണ്ടറയിലെ കേരള സെറാമിക്‌സ് പ്ലാന്റുകൾ തിരിച്ചുവരവിന്റെ പാതയിൽ. സെറാമിക്‌സിന്റെ നവീകരിച്ച പ്ലാന്റ് 22ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ബ്ലഞ്ചർ, റിഫൈനിംഗ്, ഫിൽട്ടർ പ്രസ് പ്ലാന്റുകളാണ് നവീകരിച്ചത്. നവീകരണം പൂർത്തിയാക്കിയതോടെ സ്ഥാപനം 1500 ടൺ ഉത്പാദനശേഷി കൈവരിച്ചു. ഖനനാവശ്യത്തിനായി ലാൻഡ് പർച്ചേസ് പദ്ധതിയിൽ ഉൾപ്പെട്ട ഭൂമി സെറാമിക്‌സ് വാങ്ങിയിട്ടുണ്ട്. ഉത്പാദന ഇന്ധനം എൽ.എൻ.ജി ആക്കാനുള്ള പ്ലാന്റിന്റെ നിർമ്മാണം പൂർത്തീകരിച്ച് അനുമതിക്കായി സമർപ്പിച്ചിരിക്കുയാണ്.
എൽ.എൻ.ജി പ്ലാന്റിന്റെ നിർമ്മാണം പുർത്തിയാകുംവരെ ഇന്ധനച്ചെലവ് കുറയ്‌ക്കാൻ എൽ.പി.ജി ഇന്ധനമായി ഉപയോഗിക്കുന്ന താത്കാലിക പ്ലാന്റ് 2017 ഡിസംബറിൽ കമ്മിഷൻ ചെയ്തിരുന്നു. ഇതിലൂടെ ഒരു ടണ്ണിന്റെ നിർമ്മാണത്തിനുള്ള ഇന്ധനച്ചെലവ് 6000 രൂപയിൽ നിന്ന് 3000 രൂപയായി കുറയ്‌ക്കാനായി.
തിരിച്ചടിയായത് നവീകരണത്തിന്റെ അഭാവം
സെറാമിക്സിൽ കാലാനുസൃത നവീകരണം നടക്കാതെ പോയതാണ് തിരിച്ചടിയായത്. ഇതിനാൽ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള ഉത്പന്നങ്ങൾ നിർമ്മിക്കാനാവാതെ പ്രതിസന്ധിയിലായി. എന്നാൽ മുൻപത്തെ പ്രതിസന്ധികളിൽ നിന്ന് തിരിച്ചുവരവിന്റെ പാതയിലാണ് സെറാമിക്സ്. ടണ്ണിന് 25000 രൂപയിലേറെ വില ലഭിക്കുന്ന കാൽസൈൻഡ് കയോളിൻ നിർമ്മാണം, വരുന്ന 30 വർഷത്തേക്ക് ക്ലേ ലഭ്യത ഉറപ്പുവരുത്തുന്ന രണ്ടാംഘട്ട ഖനന ഭൂമി വാങ്ങൽ തുടങ്ങിയ പദ്ധതിയുമായി കേരളാ സെറാമിക്‌സ് ലിമിറ്റഡ് മുന്നോട്ട് കുതിക്കാനൊരുങ്ങുകയാണ്.
ലോകമെങ്ങും വിപണി കീഴടക്കിയ പഴയ സെറാമിക്‌സ്
ജപ്പാന്റെ സാങ്കേതിക സഹായത്തോടെ തുടങ്ങിയ സെറാമിക്‌സിന്റെ ക്ലേയ്‌സ് ആൻഡ് മിനറൽസ് ഡിവിഷൻ സ്‌പ്രേ ഡ്രൈഡ് കയോളിൻ ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പ്ലാന്റായിരുന്നു. ഇതര സംസ്ഥാനങ്ങളിലും ജപ്പാൻ, മലേഷ്യ, ദുബായ് തുടങ്ങി നിരവധി വിദേശരാജ്യങ്ങളിലും വിപണിയുമുണ്ടായിരുന്നു.
എ.പി.എഫ്.സി പാനൽ
ഊർജ സംരക്ഷണത്തിനും ഇന്ധന ഊർജ ചെലവുകൾ കുറയ്‌ക്കാനുമായി ഓട്ടോമാറ്റിക് പവർ ഫാക്ടർ കൺട്രോൾ (എ.പി.എഫ്.സി) പാനൽ സ്ഥാപിച്ചിട്ടുണ്ട്. 40 വർഷമായി ഇൻസുലേഷൻ ജോലികൾ നടക്കാതിരുന്ന സ്‌പ്രേ ഡ്രയർ പ്ലാന്റിന്റെ ഹോട്ട് എയർ ഡക്‌ടിന്റെയും എയർ ഹീറ്ററിന്റേയും ഇൻസുലേഷൻ റിഫ്രാക്‌ടറി ജോലികൾ പൂർത്തിയായി.
1973ലാണ് കുണ്ടറയിലെ കേരള സെറാമിക്‌സ് സ്ഥാപിച്ചത്
നവീകരണം പൂർത്തിയാക്കിയതോടെ സ്ഥാപനം 1500 ടൺ ഉത്പാദനശേഷി കൈവരിച്ചു