navas
കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് പോലീസ് തടയുന്നു

ശാസ്താംകോട്ട: കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. കുന്നത്തൂരിന്റെ വികസന മുരടിപ്പിനെതിരെ എം.എൽ.എയുടെ ഓഫീസിലേക്ക് ശാസ്താംകോട്ടയിൽ നിന്ന് ആരംഭിച്ച മാർച്ച് കെ. പി .സി .സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.വനിതകൾ ഉൾപ്പടെ നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ച് പെട്രോൾ പമ്പിന് സമീപം കോവൂരിൽ പൊലീസ് തടഞ്ഞു. തുടർന്നു ബാരിക്കേട് തകർക്കാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. സംഘർഷം ചിത്രീകരിച്ച മാദ്ധ്യമ പ്രവർത്തകർക്കു നേരെയും കയ്യേറ്റ ശ്രമമുണ്ടായി. പൊലീസ് ബാരിക്കേട് കടന്ന് മുന്നോട്ട് പോയ നേതാക്കളെ പൊലീസ് അറസ്റ്റു ചെയ്തു . കെ .പി. സി .സി എക്സി.അംഗങ്ങളായ കെ.കൃഷ്ണൻകുട്ടി നായർ, പി .കെ .രവി, ഡി. സി .സി ഭാരവാഹികളായ വൈ .ഷാജഹാൻ, തോമസ് വൈദ്യൻ, രവി മൈനാഗപ്പള്ളി, ബി.തൃദീപ് കുമാർ ,​ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ് ബാബു, ശാസ്താംകോട്ട സുധീർ, ബി. സേതുലക്ഷ്മി, നിഥിൻ എസ്. കല്ലട, സുഹൈൽ അൻസാരി തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. റോഡിൽ കുത്തിയിരുന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.