കൊട്ടാരക്കര: ഭർത്താവിന്റെ ഉപദ്രവം സഹിക്കാനാകാതെ വീടുവിട്ടിറങ്ങിയ യുവതിയ്ക്കും കുഞ്ഞിനും അഭയമൊരുക്കി കലയപുരം ആശ്രയ സങ്കേതം. കൊട്ടാരക്കര സ്വദേശിനിയായ ഇരുപതുകാരിയ്ക്കും ഒരു വയസുള്ള മകൾക്കുമാണ് കൊട്ടാരക്കര പൊലീസിന്റെ കരുതലിലൂടെ ആശ്രയ തണലായത്. രണ്ട് വർഷങ്ങൾക്ക് മുൻപാണ് യുവതി കലയപുരം സ്വദേശിയായ കാമുകനോടൊപ്പം കുടുംബ ജീവിതമാരംഭിച്ചത്.
മദ്യപാനം തകർത്ത ജീവിതം
ആദ്യത്തെ കുറച്ചു നാൾ സന്തോഷത്തോടെ കഴിഞ്ഞിരുന്നുവെങ്കിലും ഭർത്താവിന്റെ മദ്യപാനവും ക്രൂരമർദ്ദനങ്ങളും യുവതിയുടെ ജീവിതം തകർത്തു. ഇതിനിടയിൽ അവർ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ അപ്പോഴേയ്ക്കും ഭർത്താവിന്റെ ഉപദ്രവം കൂടി. മദ്യപിച്ചെത്തി അമ്മയെയും കുഞ്ഞിനേയും ഒരുപോലെ ഉപദ്രവിച്ചു. സ്വന്തമായി വീടില്ലാത്തതിനാൽ പലസ്ഥലങ്ങളിൽ വാടകയ്ക്ക് താമസിച്ചുവെങ്കിലും വാടക കൊടുക്കാൻ സാധിക്കാത്തതിനാൽ അവിടെ നിന്നെല്ലാം അവർക്ക് ഇറങ്ങേണ്ടി വന്നു.
ഉറക്കം റെയിൽവേ സ്റ്റേഷനിൽ
പലപ്പോഴും കൈക്കുഞ്ഞുമായി റെയിൽവേ സ്റ്റേഷനുകളിൽ അന്തിയുറങ്ങിയാണ് ദിവസങ്ങൾ തള്ളിനീക്കിയത്.
ലോക്ക് ഡൗൺ സമയത്ത് പല നല്ല മനസുകളുടെയും കനിവിലാണ് താമസവും ഭക്ഷണവും ലഭിച്ചത് . കഴിഞ്ഞ ഒരാഴ്ച മുൻപാണ് കലയപുരം ബഥനി സ്‌കൂളിന് സമീപമുള്ള പ്ലാസ്റ്റിക് വലിച്ചുകെട്ടിയ ഭിത്തികളില്ലാത്ത തട്ടുകയുടെ ചായ്‌പിലേയ്ക്ക് അവർ താമസിക്കാനെത്തിയത്. കോരിച്ചൊരിയുന്ന മഴയത്തും ഏത് നിമിഷവും തകർന്നു വീഴാവുന്ന ആ ചായ്പ്പിൽ ഒരു വയസ് പ്രായമുള്ള കുഞ്ഞിനേയും കൊണ്ട് തെരുവ് നായ്ക്കളോടൊപ്പം ആ അമ്മയ്ക്ക് കഴിയേണ്ടി വന്നു.തനിക്ക് സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറണമെന്ന് പറഞ്ഞതോടെയാണ് ഭർത്താവ് വീണ്ടും മർദ്ദനം തുടങ്ങിയത്. പിന്നീട് മുറിവേറ്റ കാലുമായി കുഞ്ഞിനെയുമെടുത്ത് ഓടി രക്ഷപെടുകയായിരുന്നു.
പൊലീസ് രക്ഷകരായി
അവശയായി കരഞ്ഞു തളർന്ന അമ്മയെയും കുഞ്ഞിനേയും കാണാനിടയായ നാട്ടുകാർ കൊട്ടാരക്കര പൊലീസിൽ വിവരമറിയിക്കുകയും അവർ ഇരുവരെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു പിന്നീട് കൊട്ടാരക്കര സി .ഐ. ജോസഫ് ലിയോണിന്റെ നിർദേശാനുസരണം താലൂക്ക് ആശുപത്രിയിൽ നിന്നും കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷം എ. എസ് .ഐ മധു , എസ്.സി.പി. ഒ നിർമ്മല , സി .പി .ഒ പ്രശാന്ത് എന്നിവർ ചേർന്ന് അമ്മയെയും കുഞ്ഞിനേയും ആശ്രയ സങ്കേതത്തിന്റെ തണലിലെത്തിച്ചു. ഭർത്താവിനെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു. .