a
കുണ്ടും കുഴിയും നിറഞ്ഞ പാങ്ങോട് ശിവഗിരി റോഡ്

എഴുകോൺ: ഉദ്യോഗസ്ഥരുടെ അനാസ്ഥയും അവഗണനയും കാരണം പാങ്ങോട് - ശിവഗിരി റോഡ് ചെളിത്തോടായി. ദേശീയ പാത നിലവാരത്തിൽ പണിത റോഡാണ് കാൽനടയാത്രക്കാർക്ക് പോലും ബുദ്ധിമുട്ടാകുന്ന തരത്തിൽ ശോച്യമായത്. എഴുകോൺ ജംഗ്ഷൻ മുതൽ മുക്കണ്ടം ജംഗ്ഷൻ വരെയുള്ള റോഡിന്റെ ഒരു കിലോമീറ്ററോളം വരുന്ന ഭാഗമാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നത്. കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയത്തിനെ തുടർന്നാണ് റോഡ് പൊട്ടി പൊളിഞ്ഞത്.

തകർന്ന റോഡ് ടാർ ചെയ്യുന്നില്ല

2016 ൽ ദേശീയ പാത അതോറിട്ടി നവീകരിച്ച റോഡ് കേരള പൊതുമരാമത്ത് വകുപ്പിന് കൈമാറിയത് അടുത്തിടെയാണ്. റോഡ് നവീകരണം പൂർത്തിയാകുന്നത് മുമ്പ് തന്നെ പൈപ്പ് പൊട്ടി റോഡ് തകർന്നിരുന്നു. അന്ന് എഴുകോൺ പഞ്ചായത്ത് കെട്ടിടത്തിന്റെ കവാടത്തിന് മുന്നിൽ പൊളിഞ്ഞ ഭാഗം നാല് വർഷമായിട്ടും ടാർ ചെയ്യാൻ അധികൃതർ മുതിർന്നിട്ടില്ല. പഴക്കം ചെന്ന നിലവാരം കുറഞ്ഞ പൈപ്പ് പൊട്ടുന്നത് പതിവായതോടെ 2019 ജൂണിൽ ജല വകുപ്പ് ഗേജ്ജ് കൂടിയ പൈപ്പ് സ്ഥാപിച്ചു. പൈപ്പ് മാറ്റാൻ എടുത്ത കുഴികൾ അശാസ്ത്രീയമായി മൂടി ടാർ ചെയ്തതാണ് സ്ഥിതി രൂക്ഷമാക്കിയത്.

പരാതി നൽകി മടുത്തു

റോഡിന്റെ ശോചനീയാവസ്ഥ പലതവണ കേരളകൗമുദി വാർത്ത ആക്കിയിരുന്നു. അധികൃതർക്കും ജനപ്രതിനിധികൾക്കും പരാതി നൽകി മടുത്തിരിക്കുകയാണ് ജനങ്ങൾ. മഴ കനത്തതോടെ മൂലക്കട ജംഗ്ഷനിൽ നിന്നും കുത്തിയൊലിക്കുന്ന മഴവെള്ളത്തിൽ ഒഴുകിയെത്തുന്ന കല്ലും മണ്ണും എഴുകോൺ ജംഗ്ഷനിൽ അടിഞ്ഞ് കൂടുന്നതും യാത്ര ക്ലേശം രൂക്ഷമാകുന്നു. റോഡ് തകർന്നതിനെ തുടർന്ന് എഴുകോൺ ജംഗ്ഷനിലെ ഗതാഗത കുരുക്കും രൂക്ഷമാണ്.പഞ്ചായത്ത് ഓഫീസ്, പൊതുമരാമത്ത് വകുപ്പ് ഓഫീസ്, കൃഷി ഭവൻ, സഹകരണ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, മാവേലി, നീതി സ്റ്റോറുകൾ തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് കെട്ടിടത്തിന്റെ മുന്നിലാണ് റോഡിന്റെ ഈ അവസ്ഥ.