d
കുഞ്ഞ് ശങ്കരൻ

കടയ്ക്കൽ :കുഞ്ഞ് ശങ്കരൻ കാരറകുന്ന് ഗ്രാമത്തിന്റെ മുതുമുത്തച്ഛനാണ്‌.സ്വാതന്ത്ര്യത്തിനു മുൻപും ശേഷവും ഉള്ള വിശേഷങ്ങൾ അറിയാൻ പുതുതലമുറ കുഞ്ഞ് ശങ്കരനരികിൽ എത്തുമ്പോൾ പ്രായത്തിന്റെ അവശതകൾ മറന്ന് അദ്ദേഹം വാചാലനാകും.പാടത്തെ പണിക്കാരുടെയും ജന്മിമാരുടെയും തൊടീലും തീണ്ടലും ഉള്ള കാലഘട്ടത്തിന്റെയും നൂറു നൂറു കഥകളാണ് അദ്ദേഹം പറഞ്ഞു കൊടുക്കുന്നത് .നാടിന്റെ മുത്തച്ഛനായ കുഞ്ഞ് ശങ്കരൻ നൂറോണം തികച്ച നിറവിലാണ് എല്ലാവരും .തിരുവനന്തപുരം ജില്ലയിലെ കൊടുവഴന്നൂർ ഗ്രാമത്തിൽ നാരായണന്റെയും തേവിയുടെയും മകനായി 1920 -ൽ ആണ് കുഞ്ഞ് ശങ്കരൻ ജനിച്ചത്.1049 -ൽ വിവാഹത്തിന് ശേഷം കാരറ ഗ്രാമത്തിലേയ്ക്ക് താമസം മാറി.അര നൂറ്റാണ്ടോളം കൊല്ലം ജില്ലയുടെ കിഴക്കൻ മലയോര ഗ്രാമത്തിലെ തുമ്പമൺ തൊടിയിൽ തുണി വ്യാപാരം നടത്തി.കുഞ്ഞ് ശങ്കരൻ മുതലാളി എന്നായി അന്നാട്ടുകാരുടെ വിളിപ്പേര്.രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് കച്ചവടം നിർത്തിയെങ്കിലും വിളിപ്പേരിൽ മാറ്റം ഉണ്ടായില്ല.മക്കളും മരുമക്കളും കൊച്ചുമക്കളുമായി അംഗസംഖ്യ കൂടിയ കുടുംബത്തിന്റെ കാരണവരാണ് കുഞ്ഞ് ശങ്കരൻ.കുടുംബത്തിന്റെ ഏത് കാര്യങ്ങൾക്കും തീരുമാനം എടുക്കുന്നത് ഇപ്പോഴും ഈ കാരണവർ തന്നെയാണ്.ഭാര്യ ലളിതയും മക്കളായ കൃഷിവകുപ്പിൽ നിന്നും വിരമിച്ച പ്രസന്ന,സുപ്രഭ,ജയപ്രകാശ്,വത്സല,ജയകുമാർ ,ജയ എന്നിവരും എപ്പോഴും കുഞ്ഞ് ശങ്കരന്റെ കാര്യത്തിൽ ശ്രദ്ധ ചെലുത്താറുണ്ട്.വയസു 100 എത്തിയെങ്കിലും ആഹാര കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് കുഞ്ഞ് ശങ്കരൻ തയ്യാറല്ല.കൃത്യ സമയത്ത് ആഹാരം കഴിക്കുന്ന ശീലം മുടക്കാറില്ല.അത്താഴത്തിനു ചോറും കറികളും ആണ് അന്നും ഇന്നും ഉള്ള ശീലം.പുകയിലയും മദ്യപാനവും അടക്കം ലഹരികളോടുള്ള കമ്പവും ഇന്നേവരെ ഉണ്ടായിട്ടില്ലെന്ന് എന്നും തികഞ്ഞ ഗുരുദേവ ഭക്തനായ ഈ മുത്തച്ഛൻ പറയുന്നു.