കുണ്ടറ: മന്ത്രി കെ.ടി. ജലീലും വനിതാ മന്ത്രിമാരും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വനിതാ മോർച്ച കുണ്ടറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മയുടെ മുക്കടയിലെ ഓഫീസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. മുക്കട ജംഗ്ഷന് സമീപം ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് നടത്തിയ ബലപ്രയോഗത്തിൽ മൂന്ന് വനിതകൾക്ക് പരിക്കേറ്റു. മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി രാകേന്ദു, മണ്ഡലം സെക്രട്ടറി ദീപ, അശ്വതി എന്നിവരെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ 10ഓടെ എൽ.എം.എസ്. ആശുപത്രിക്കുമുന്നിൽനിന്നാണ് പ്രതിഷേധ പ്രകടനം ആരംഭിച്ചത്. പ്രതിഷേധ യോഗം രാകേന്ദു ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന് ജില്ലാ പ്രസിഡന്റ് ബിറ്റി സുധീർ, സന്ധ്യ, ബീനാരാജു, ദീപാവേണു, ദേവീചിത്ര, മഞ്ജു, രാജി, ആര്യ, രജനി, വിജയലക്ഷ്മി തുടങ്ങിയവർ നേതൃത്വം നൽകി. വനിതാ പ്രവർത്തകരെ പൊലീസ് മർദ്ദിച്ചെന്നാരോപിച്ച് പിന്നീട് ബി.ജെ.പി. പ്രതിഷേധം നടത്തി. ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് ഇടവട്ടം വിനോദ്, യുവമോർച്ച മണ്ഡലം പ്രസിഡന്റ് സനൽ മുകളുവിള, ജനറൽ സെക്രട്ടറി അനിൽകുമാർ, മഠത്തിൽ സുനിൽകുമാർ, ധനീഷ് തുടങ്ങിയവർ നേതൃത്വംനൽകി.