സെമിനാറും വിദ്യാഭ്യാസ അവാർഡ് ദാനവും വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്‌തു
കൊല്ലം: അടിച്ചമർത്തപ്പെട്ട ജനതയുടെ ആവേശമായിരുന്ന കുളത്തൂർ പ്രസംഗത്തിന്റെ കാലിക പ്രസക്തി വർദ്ധിച്ചതായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശ്രീനാരായണ എംപ്ലോയീസ് ഫോറം, ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിൽ കേന്ദ്ര സമിതി, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യോഗം കേന്ദ്ര കാര്യാലയത്തിലെ ശ്രീനാരായണ ധ്യാന മന്ദിരത്തിൽ സംഘടിപ്പിച്ച കുളത്തൂർ പ്രസംഗത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തിലെ സെമിനാറും വിദ്യാഭ്യാസ അവാർഡ് ദാനവും കൊവിഡ് പ്രതിരോധ മരുന്ന് വിതരണവും ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിന്നാക്ക ജനതയ്ക്ക് വേണ്ടി ശബ്ദം ഉയർത്തിയ വ്യക്തിയാണ് പത്രാധിപർ കെ.സുകുമാരൻ. സാമൂഹ്യനീതി ഉറപ്പാക്കാൻ എല്ലാ നിയമനങ്ങളും പി.എസ്.സിക്ക് വിടുന്നതിനൊപ്പം പിൻവാതിൽ നിയമനം നിറുത്തലാക്കണം. പി.എസ്.സിയിലും ജുഡീഷ്യറിയിലും സംവരണ അട്ടിമറി നടക്കുകയാണ്. ഇതിനെതിരെ പിന്നാക്ക വിഭാഗക്കാരായ ജനവിഭാഗങ്ങളുടെ സമര പോരാട്ടങ്ങൾ സംഘടിപ്പിക്കണം. സാമുദായിക സംവരണം ഇപ്പോൾ പ്രതിസന്ധിയിലാണ്. അവസര നിഷേധം തുടരുന്ന കാഴ്ചയാണ് കാണുന്നത്.
ഈഴവർക്ക് എതിരെ നിൽക്കുന്ന ഛിദ്രശക്തികൾ ട്രസ്റ്റിന്റെയും യോഗത്തിന്റെയും തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ റിസീവർ ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോടതി വ്യവഹാരം നടത്തുകയാണ്. ഇവർ സംഘടനയെ നശിപ്പിക്കാനാണ് ശ്രമിക്കുന്നത്.
പരമ്പരാഗത തൊഴിലുകളെല്ലാം ഈഴവർക്ക് നഷ്ടപ്പെട്ടിരിക്കുന്നു. അവസരങ്ങൾ നേടണമെങ്കിൽ സംഘടിക്കേണ്ടിയിരിക്കുന്നു.
സംഘടിച്ച് ശക്തരാവുകയെന്ന ഗുരുദേവ സന്ദേശം ഉൾക്കൊള്ളേണ്ട കാലമാണിത്. അധികാരം ഉണ്ടെങ്കിൽ മാത്രമേ സാമൂഹിക നീതി ഉറപ്പാക്കാനാകൂ. ആർ.ശങ്കർ അധികാരത്തിൽ ഉണ്ടായിരുന്ന കാലത്ത് സമുദായത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കിട്ടിയിരുന്നു. മറ്റ് സമുദായങ്ങൾക്ക് അർഹതപ്പെട്ടതും അദ്ദേഹം കൊടുത്തു. ആർ.ശങ്കറിന് ശേഷം ഈഴവ സമുദായത്തിന് വിദ്യാഭ്യാസ നീതി ലഭിച്ചില്ല. സമുദായം സമരം ചെയ്‌ത് നേടിയ അവകാശങ്ങളാണ് ജനാധിപത്യ ഭരണകൂടങ്ങൾ ഹൈജാക്ക് ചെയ്യുന്നത്. അവകാശങ്ങൾ കവർന്നെടുക്കപ്പെടുന്നത് നമ്മൾ കണ്ണ് തുറന്ന് കാണണം. സമ്പത്ത്, ഭൂമി, ഭരണം എന്നിവയെല്ലാം സമുദായത്തിൽ നിന്ന് അന്യമാണ്. അധികാരത്തിലിരുന്ന് അർഹതപ്പെട്ടത് തരാൻ ആരുണ്ട്?. ജനസംഖ്യ ആനുപാതികമായ അവകാശ അധികാരങ്ങൾ സമുദായത്തിന് ലഭിക്കുന്നില്ല. ഈഴവ സമുദായത്തിന് പ്രജാസഭയിൽ ഉണ്ടായിരുന്ന പ്രാതിനിധ്യം പോലും ഇന്നത്തെ ജനാധിപത്യ സംവിധാനത്തിൽ ഇല്ലാതായി. രാജവാഴ്ച കാലത്ത് പോലും സമുദായത്തിന് അർഹമായ പ്രാതിനിധ്യം ലഭിച്ചിരുന്നു. സംഘടിത മതശക്തികളുടെ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇന്ന് നടക്കുന്നത്. വിദ്യാഭ്യാസ - രാഷ്ട്രീയ - സാമ്പത്തിക നീതി നഷ്ടപ്പെടുന്നു. മറ്റുള്ളവരെല്ലാം സംഘടിച്ചാൽ മതേതരവും ഈഴവൻ സംഘടിച്ചാൽ ജാതിയവുമാണെന്ന് വിശേഷിപ്പിക്കുന്നത് നമ്മെ തകർക്കാനാണെന്ന് തിരിച്ചറിയണം. ജോലിക്കും വിദ്യാഭ്യാസത്തിനും എല്ലാം ജാതി സർട്ടിഫിക്കറ്റ് ആവശ്യമായ കാലത്ത് ജാതി പറയുന്നത് എങ്ങനെ അപമാനമാകും. ജാതി പറഞ്ഞേ പറ്റൂ, അഭിമാനത്തോടെ തന്നെ പറയണം. സംഘ ബലം ഉണ്ടായെങ്കിൽ മാത്രമേ നീതി നേടാൻ കഴിയൂ. അതിന് കുളത്തൂർ പ്രസംഗം പ്രചോദനമകാട്ടെ. കേരളകൗമുദിയുടെ എഡിറ്റോറിയലുകൾ രാഷ്ട്രീയ ഗതി നിശ്ചയിച്ചിരുന്നു. കേരളകൗമുദി എഡിറ്റോറിയൽ വായിച്ച് ജനം അത് ഉൾക്കൊള്ളുമെന്ന ഭയത്തിൽ രാഷ്ട്രീയക്കാർ എഡിറ്റോറിയലിന് അനുസൃതമായി തീരുമാനമെടുക്കാൻ നിർബന്ധിതരായിരുന്നു. ശ്രീനാരായണ എംപ്ലോയീസ് ഫോറം, പെൻഷണേഴ്‌സ് കൗൺസിൽ പ്രവർത്തകർക്ക് അഭിനന്ദനം അറിയിക്കുന്നതായും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
സംസ്ഥാന കോ- ഓർഡിനേറ്റർ പി.വി. രജിമോൻ അദ്ധ്യക്ഷനായി. പത്രാധിപർ അനുസ്‌മരണവും കുളത്തൂർ പ്രസംഗത്തിന്റെ കാലിക പ്രസക്തി സംബന്ധിച്ച മുഖ്യപ്രഭാഷണവും കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്‌ണൻ നിർവഹിച്ചു.
യോഗം കൗൺസിലർ പി.സുന്ദരൻ കുട്ടികൾക്ക് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്‌തു.
എസ്.എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പ് ജനറൽ കൺവീനർ അനിൽ മുത്തേടം, ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിൽ പ്രസിഡന്റ് ജി. ചന്തു, പെൻഷണേഴ്‌സ് കൗൺസിൽ സെക്രട്ടറി കെ.എം. സജീവ്, വൈസ് പ്രസിഡന്റ് ഡോ. അനിതാ ശങ്കർ, എംപ്ലോയീസ് ഫോറം കൊല്ലം യൂണിയൻ സെക്രട്ടറി ഡോ. വിഷ്‌ണു, പ്രസിഡന്റ് വി. ശ്രീകുമാർ, പെൻഷണേഴ്‌സ് കൗൺസിൽ പ്രസിഡന്റ് പ്രൊഫ. പി.ആർ. ജയചന്ദ്രൻ, സെക്രട്ടറി ഡോ.എം.എൻ. ദയാനന്ദൻ, യൂത്ത് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് രഞ്‌ജിത്ത് രവീന്ദ്രൻ, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി ബി. പ്രതാപൻ എന്നിവർ സംസാരിച്ചു.
കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തിയ ചടങ്ങിൽ ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി പ്രസിഡന്റ് എസ്. അജുലാൽ സ്വാഗതവും ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിൽ കൊല്ലം യൂണിയൻ പ്രസിഡന്റ് പ്രൊഫ. ജയചന്ദ്രൻ നന്ദിയും പറഞ്ഞു.