കൊല്ലം: പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിന്റെ പേരിൽ കൊട്ടിയത്ത് റംസി എന്ന (25) യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ നാട്ടിൽ പ്രതിഷേധം കനക്കുകയാണ്. സംഭവത്തിൽ പ്രതിശ്രുതവരൻ പള്ളിമുക്ക് ഇക്ബാൽ നഗർ 155ൽ ഹാരീസ് മൻസിലിൽ ഹാരീസിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കേസിന്റെ തുടക്കം മുതൽ അന്വേഷണം തൃപ്തികരമല്ലെന്നാണ് റംസിയുടെ വീട്ടുകാരുടെ ആക്ഷേപം. വിവാഹത്തിന് മുമ്പ് ഗർഭിണിയായ റംസിയെ വീട്ടുകാരറിയാതെ ഗർഭച്ഛിദ്രത്തിന് വിധേയയാക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തതിൽ ഹാരിസിന്റെ ചില ബന്ധുക്കളുടെ പങ്ക് അന്വേഷിക്കാതിരുന്നതാണ് കാരണം. ഇതേതുടർന്ന് കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിയ്ക്കും വീട്ടുകാർ പരാതി നൽകിയെങ്കിലും സിറ്റിപൊലീസ് കമ്മിഷണറുടെ കീഴിലുള്ള ജില്ലാ ക്രൈംബ്രാഞ്ചിനാണ് കേസ് കൈമാറിയത്. ഹാരിസിന്റെ ബന്ധുവായ സീരിയൽ നടി ഉൾപ്പെടെ ആരോപണവിധേയയായ കേസിൽ കുറ്റവാളികളെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനുമുള്ള നീക്കമാണ് ജില്ലാ ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചതിന് പിന്നിലെന്ന് റംസിയുടെ പിതാവ് റഹിം കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു. ഇതിനെതിരെ അഭിഭാഷകനുമായി ആലോചിച്ച് ഉചിതമായ നടപടി കൈക്കൊള്ളുമെന്നും റഹിം പറഞ്ഞു. അതേസമയം റംസിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും മുഴുവൻ പ്രതികളെയും അറസ്റ്ര് ചെയ്യണമെന്നും ആവശ്യപ്പെട്ട് ജസ്റ്റിസ് ഫോർ റംസി എന്ന സംഘടനയുടെ നേതൃത്വത്തിൽ കൊല്ലം പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി.
എട്ടുവർഷത്തെ പ്രണയം
കഴിഞ്ഞ എട്ട് വർഷമായി ഹാരിസുമായി പ്രണയത്തിലായിരുന്ന റംസിയെ കഴിഞ്ഞമാസം മൂന്നിനായിരുന്നു വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്ളസ് വണ്ണിന് ശേഷം കൊല്ലം പള്ളിമുക്കിൽ കമ്പ്യൂട്ടർ പഠനത്തിനിടെയാണ് റംസിയും ഹാരിസും പ്രണയത്തിലായത്. പ്രണയ ബന്ധം ഇരുവീട്ടുകാരും അറിഞ്ഞെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ വിവാഹം നീട്ടിവച്ചു. ഹാരീസിന് ജോലി ലഭിക്കുന്ന മുറയ്ക്ക് വിവാഹം നടത്താമെന്നായിരുന്നു ധാരണ. ഒന്നര വർഷം മുമ്പ് വളയിടൽ ചടങ്ങ് നടത്തി. ഇതിനിടെ ഹാരീസിന്റെ ബിസിനസ് ആവശ്യത്തിന് പലപ്പോഴായി ആഭരണവും പണവും നൽകി റംസിയുടെ വീട്ടുകാർ സഹായിച്ചു.
അവസാന നിമിഷങ്ങൾ
ഇതിനിടെ റംസിയുടെ ഇളയ സഹോദരിയുടെ വിവാഹം നടന്നു. ഹാരീസിന് മറ്റൊരു വിവാഹാലോചന വന്നതോടെ മകളെ ഒഴിവാക്കുകയായിരുന്നെന്നാണ് റംസിയുടെ മാതാപിതാക്കളുടെ ആരോപണം. ഹാരീസിനെ അല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന നിലപാടിലായിരുന്നു റംസി. ഇതു സംബന്ധിച്ച് റംസിയും ഹാരീസും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒടുവിൽ നടത്തിയ ഫോൺ സംഭാഷണത്തിനിടെ റംസി ബ്ലേഡ് കൊണ്ടു കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതിന്റെ ചിത്രം ഹാരീസിന് അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് ഹാരീസിന്റെ അമ്മയെ റംസി വിളിച്ചിരുന്നു. തുടർന്നായിരുന്നു മരണം. ആത്മഹത്യാപ്രേരണയ്ക്കും പീഡനത്തിനും അറസ്റ്റിലായ ഹാരിസിനെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയെങ്കിലും പൊലീസ് സംഘത്തിലെ രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ കൂടുതൽ ചോദ്യം ചെയ്യാനായില്ല. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ഇയാളെ തിരികെ കോടതിയിൽ ഹാജരാക്കി. ജില്ലാ ക്രൈംബ്രാഞ്ച് സംഘം ഹാരിസിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന.
സീരിയൽ നടിയുടെ വെളിപ്പെടുത്തൽ സത്യമോ?
വളയിടീലിന് ശേഷം റംസിയുമായി അടുത്ത സൗഹൃദത്തിലായ സീരിയൽ നടി ഷൂട്ടിംഗ് ലൊക്കേഷനുകളിൽ റംസിയെ കൂട്ടിക്കൊണ്ടുപോയതിൽ ദുരൂഹതയുള്ളതായി റംസിയുടെ വീട്ടുകാർ ആരോപിക്കുന്നു. സീരിയൽ നടിയെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ലൊക്കേഷനുകളിൽ വരണമെന്ന റംസിയുടെ നിർബന്ധത്താലാണ് കൊണ്ടുപോയതെന്നാണ് നടി പൊലീസിനോട് പറഞ്ഞത്. സഹോദരിയുടെ വിവാഹശേഷം വീട്ടിൽ തനിച്ചായതിനാൽ ബോറടിക്കുന്നുവെന്ന് പറഞ്ഞതിന്റെ പേരിൽ റംസിയെ കൂടെകൂട്ടുകയായിരുന്നുവെന്നാണ് നടിയുടെ മൊഴി. എന്നാൽ സീരിയൽ ലൊക്കേഷനുകളിൽ കുഞ്ഞിനെ നോക്കാനും സഹായത്തിനും നടി റംസിയെ കൂടെക്കൂട്ടിയതാണെന്ന് റംസിയുടെ വീട്ടുകാർ ആരോപിക്കുന്നു. ഗർഭിണിയായതും ഹാരിസ് വിവാഹത്തിന് വിസമ്മതിക്കുകയും ചെയ്ത വിവരം റംസി നടിയോട് വെളിപ്പെടുത്തിയിരുന്നു. നടിക്ക് ഗർഭച്ഛിദ്രവുമായി ബന്ധമുണ്ടെന്നാണ് റംസിയുടെ വീട്ടുകാരുടെ ആരോപണം. എന്നാൽ, അതുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഹാരിസും റംസിയും പരസ്പര സമ്മതത്തോടെ ഗർഭച്ഛിദ്രം നടത്തിയതാകാമെന്നുമാണ് നടി ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞത്. ബംഗളൂരുവിലെ ഒരു ആശുപത്രിയിലാണ് ഗർഭച്ഛിദ്രം നടത്തിയത്. അതിനുശേഷം ഏതാനും ദിവസം അവിടെ താമസിച്ചശേഷമാണ് തിരിച്ചെത്തിയത്. ഗർഭച്ഛിദ്രം കുറ്റകരമാണെന്നിരിക്കെ റംസിയെ അതിന് വിധേയയാക്കിയ ബംഗളൂരുവിലെ ഡോക്ടറെ കണ്ടെത്തിയാൽ മാത്രമേ ആരുടെയെങ്കിലും സമ്മർദ്ദത്തിന് വിധേയമായിട്ടാണോ ഇത് ചെയ്തതെന്ന് വ്യക്തമാകൂ. ഇതിനായി അന്വേഷണ സംഘം ബംഗളൂരുവിലേക്ക് പോകേണ്ടതുണ്ട്. ബംഗളൂരുവിലെത്തി ഗർഭച്ഛിദ്രം നടത്താൻ സീരിയൽ രംഗത്തെ ആരുടെയെങ്കിലും സഹായം ഇവർക്ക് ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കും. സീരിയൽ നടിയുമായി റംസി നല്ല അടുപ്പത്തിലായിരുന്നുവെന്നതിന് ധാരാളം തെളിവുകൾ പൊലീസിന്റെ പക്കലുണ്ട്. ഇവർ സമൂഹമാദ്ധ്യമത്തിൽ ഒന്നിച്ച്ചെയ്ത ടിക്ടോക് വീഡിയോയുടെയും സംഭാഷണങ്ങളുടെയും കൈമാറിയ സന്ദേശങ്ങളുടെയും വിവരങ്ങൾ പൊലീസ് ശേഖരിക്കും. ഗർഭച്ഛിദ്രത്തിന് വിധേയയാക്കാൻ ഹാരീസ് വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ചതായും പൊലീസിന് സംശയമുണ്ട്. ഇതിന്റെ പേരിൽ കേസുമെടുത്തിട്ടുണ്ട്.