സ്വയം പ്രതിരോധത്തിൽ ഗുരുതര വീഴ്ച
കൊല്ലം: ആവർത്തിച്ചുള്ള ജാഗ്രതാ നിർദേശങ്ങൾക്കിടയിലും പിടിതരാതെ ജില്ലയിലെ കൊവിഡ് നിരക്ക് കുതിച്ചുയരുന്നത് ആശങ്കയാകുന്നു. ശനിയാഴ്ച 436 പേർക്കും ഇന്നലെ 330 പേർക്കുമാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം അനിയന്ത്രിതമായി ഉയർന്നാൽ കൂടുതൽ ചികിത്സാ കേന്ദ്രങ്ങളും സജ്ജമാക്കേണ്ടി വരും.
രോഗ നിരക്ക് ഉയരുന്നത് മറ്റ് രോഗങ്ങൾക്ക് നിരന്തരം ചികിത്സ തേടുന്നവരെയും ബുദ്ധിമുട്ടിലാക്കിയേക്കാം. സ്വയം പ്രതിരോധത്തിൽ സംഭവിക്കുന്ന ഗുരുതര വീഴ്ചകൾ രോഗ വ്യാപനത്തിന് വഴിയൊരുക്കുന്നുവെന്ന വിലയിരുത്തൽ ആരോഗ്യവകുപ്പിനുണ്ട്. ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകാനും മൂക്കും വായും മറയുന്ന തരത്തിൽ മാസ്ക് ധരിക്കാനും പലരും തയ്യാറാകാത്തത് തിരിച്ചടിയാണ്. നിയന്ത്രണങ്ങൾ ഏറെ കുറെ ഇല്ലാതായതോടെ പൊതു ഇടങ്ങളിലെല്ലാം തിരക്ക് കൂടി. സാമൂഹിക അകലവും ഇല്ലാതായി.
കുട്ടികളുമായി വ്യാപാരകേന്ദ്രങ്ങൾ കയറരുത്
പത്ത് വയസിന് താഴെയുള്ള കുട്ടികളെ പുറത്തിറക്കരുതെന്നാണ് ആരോഗ്യവകുപ്പിന്റെ കർശന നിർദേശം. പക്ഷേ ഇതിന്റെ ഗൗരവം ഉൾക്കൊള്ളാൻ രക്ഷിതാക്കളിൽ മിക്കവരും തയ്യാറാകുന്നില്ലെന്നത് ശ്രദ്ധേയമാണ്. പത്ത് വയസിൽ താഴെയുള്ള കുട്ടികളുമായി വരുന്നവരെ ചില വ്യാപാര സ്ഥാപനങ്ങൾ പ്രവേശിക്കുന്നില്ല. അവരെ ബോധവത്കരിച്ച് മടക്കി അയയ്ക്കുകയാണ്.
ജില്ലാ അവലോകന യോഗത്തിലെ നിർദേശങ്ങൾ
1. സർക്കാർ ഓഫീസുകൾ ഉൾപ്പെടെ സ്ഥാപനങ്ങളിലെ ജീവനക്കാർ കൂടുതൽ ശ്രദ്ധ പുലർത്തണം
2. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും ജോലിയുടെ ഭാഗമായി ഫയലുകൾ തുടങ്ങിയവ കൈമാറുമ്പോഴും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം
3. സ്വയം സുരക്ഷിതരാവുക എന്നതാണ് പ്രധാനം
4. എവിടെനിന്നും രോഗം വരാം എന്ന തോന്നൽ ഉണ്ടാകണം
''
കടകൾ, വ്യാപാര സ്ഥാപനങ്ങൾ, സർക്കാർ ഉൾപ്പെടെയുള്ള ഓഫീസുകളിലെ ജീവനക്കാർ, കെ.എസ്.ഇ.ബി ലൈൻമാൻ തുടങ്ങിയ ആൾക്കാരുമായി സമ്പർക്കത്തിൽ വരുന്നവർക്ക് രോഗബാധയുണ്ടാകുന്നു.
ടി.നാരായണൻ, സിറ്റി പൊലീസ് കമ്മിഷണർ
''
ശാസ്താംകോട്ട മൈക്രോ ഫിനാൻസിലെ കളക്ഷൻ ജീവനക്കാരൻ, ശൂരനാട്ടെ തൊഴിലുറപ്പ് തൊഴിലാളി, കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റിലെ തയ്യൽക്കാരൻ, കുളക്കട ഓട്ടോറിക്ഷാ ഡ്രൈവർ എന്നിവർ വഴി രോഗബാധയുണ്ടായി.
എസ്.ഹരിശങ്കർ, കൊല്ലം റൂറൽ പൊലീസ് മേധാവി
''
ജില്ലയിൽ കോവിഡ് വ്യാപനം കൂടുന്നത് മനസിലാക്കി അതീവ ജാഗ്രത പുലർത്തണം.
ബി.അബ്ദുൽനാസർ, ജില്ലാ കളക്ടർ