കൊല്ലം: ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശത്താൽ പവിത്രതയിലാണ് കടയ്ക്കൽ വെള്ളാർവെട്ടം ഗ്രാമം. ഗുരുദേവൻ വിശ്രമിച്ച ആൽമരത്തണൽ ഇന്നും ഗ്രാമത്തിന്റെ ഐശ്വര്യമാണ്. എസ്.എൻ.ഡി.പി യോഗം വെള്ളാർവട്ടം 991ാം നമ്പർ ശാഖയുടെ ഗുരുമന്ദിരവും ഈ മരത്തണലിലാണ്.
ശിവഗിരി ആശ്രമവുമായി ബന്ധപ്പെട്ട നവീകരണത്തിനായി കാതലുള്ള തടി തിരക്കിയാണ് ഗുരുദേവൻ വെള്ളാർവട്ടത്തെത്തിയത്. വില്ലുവണ്ടിയിലാണ് എത്തിയതെന്നും പറയപ്പെടുന്നു. വില്ലുവണ്ടിക്ക് കടന്നുവരാനുള്ള വീതി മാത്രമാണ് അന്ന് വെട്ടുറോഡിന് ഉണ്ടായിരുന്നത്. റോഡരികിലായി അധികം വളർച്ചയെത്തിയിട്ടില്ലെങ്കിലും പടർന്ന് പന്തലിച്ചതായിരുന്നു ആൽമരം. ഏറെനേരം ആൽമരച്ചുവട്ടിൽ ഗുരുദേവൻ വിശ്രമിച്ചപ്പോൾ നിരവധിപേർ അനുഗ്രഹം തേടിയെത്തി.
വൈദ്യന്മാർ ഏറെയുള്ള നാടായതിനാൽ പാരമ്പര്യ വൈദ്യന്മാരും ഗുരുദേവനെ കണ്ടുവണങ്ങാനെത്തിയിരുന്നു. പറയാട് കുടുംബത്തിലാണ് മരം വേണമെന്ന ആവശ്യവുമായി ഗുരുദേവൻ ചെന്നത്. മടക്കയാത്രയ്ക്ക് ശേഷം പിന്നീട് ഒരിക്കൽകൂടി ഗുരുദേവൻ ഇവിടേക്ക് എത്തി. ഗുരുദേവന് തണലേകിയ ആൽമരം നിറയെ ശാഖകളുമായി ഇപ്പോഴും പരന്നുനിൽക്കുകയാണ്. ആത്മീയതയുടെ ആ മരത്തണലിൽ ഗുരുദേവ മന്ദിരം നിർമ്മിക്കാൻ ശാഖാപ്രവർത്തകർ വലിയ താത്പര്യമെടുത്തത് പൊതുസമൂഹവും താത്പര്യത്തോടെ ഏറ്റുവാങ്ങുകയായിരുന്നു.
നിത്യവും വിളയ്ക്ക് തെളിച്ച് വണങ്ങാൻ ഭക്തരും ഇവിടേക്ക് എത്തുന്നുണ്ട്. ഗുരുസമാധി വീണ്ടുമെത്തിയപ്പോൾ വെള്ളാർവട്ടവും ദീപ്തമായ സ്മരണപുതുക്കുകയാണ്. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളും കടയ്ക്കൽ വിപ്ളവവും അതുമായി ബന്ധപ്പെട്ട് പുതുവേലിൽ കുടുംബത്തിന്റെ ചാരുംമൂട് വീട് കത്തിച്ചതുമൊക്കെ പഴമക്കാർ പറയാറുണ്ടെങ്കിലും ഗുരുദേവന്റെ സാന്നിദ്ധ്യമുണ്ടായ കാര്യങ്ങൾക്കാണ് പ്രാധാന്യം നൽകുക.