കിഴക്കേക്കല്ലട: എസ്.എൻ.ഡി.പി യോഗം 439-ാം നമ്പർ തെക്കേമുറി ശാഖയിൽ മുൻ ശാഖാ പ്രസിഡന്റ് പ്രഭാസുതൻ അനുസ്മരണവും ശാഖാപരിധിയിൽ മികച്ച വിജയം നേടിയവർക്കുള്ള അവാർഡ് ദാനവും കൊവിഡ് മാനദണ്ഡം പാലിച്ച് നടന്നു. ശാഖാ പ്രസിഡന്റ് സത്യശീലന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സി.വി.കെ.എം ഹയർ സെക്കൻഡറി സ്കൂൾ മാനേജർ അമ്പിളി, യൂണിയൻ വൈസ് പ്രസിഡന്റ് മൺറോത്തുരുത്ത് എസ്. ഭാസി, യൂണിയൻ കൗൺസിലർ എസ്. ഷൈബു, മേഖലാ കൺവീനർ വി. സജീവ് തുടങ്ങിയവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ശാഖാപരിധിയിൽ നിന്ന് മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡ് വിതരണവും ചികിത്സാ ധനസാഹായവും അഡ്വ. അനിൽകുമാറും അമ്പിളിയും ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ സംസ്ഥാനത്തെ മികച്ച ഹയർ സെക്കൻഡറി അദ്ധ്യാപക അവാർഡ് ജേതാവും സി.വി.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകനുമായ ഡി. ജയിംസ്, 18 ന് നടന്ന എസ്.എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച കുണ്ടറ യൂണിയൻ വൈസ് പ്രസിഡന്റ് മൺറോത്തുരുത്ത് എസ്. ഭാസി, കൗൺസിലർമാരായ ഷൈബു, എസ്. സജീവ് എന്നിവരെ ആദരിച്ചു. ശാഖാ സെക്രട്ടറി ഡി. ബാബുജി സ്വാഗതവും വൈസ് പ്രസിഡന്റ് സുദർശനൻ നന്ദിയും പറഞ്ഞു.