കൊല്ലം: കൊല്ലം റൂറൽ എസ്.പി ഓഫീസ് കെട്ടിട നിർമ്മാണത്തിന്റെ തടസങ്ങൾ നീങ്ങി. വീണ്ടും നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. മുടക്കമില്ലാതെ ജോലികൾ നടന്നാൽ മൂന്ന് മാസത്തിനകം കെട്ടിടം ഉദ്ഘാടനം നടത്താനാകും. കേരള പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് കരാർ നൽകിയിട്ടുള്ളതെങ്കിലും സബ് കരാറുകാരന് വേണ്ട സമയത്ത് തുക അനുവദിച്ചുനൽകുന്നതിൽ താമസമുണ്ടായതാണ് നിർമ്മാണം പാതിവഴിയിൽ നിലയ്ക്കാനിടയാക്കിയത്.

58 കോടി രൂപ നിർമ്മാണച്ചിലവ്

ജൂൺ രണ്ടാം വാരത്തിൽ കുടിശിക തുകയിൽ 26 ലക്ഷം രൂപ നൽകിയിരുന്നു. 58 കോടി രൂപ ഉപയോഗിച്ചാണ് ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണം നടക്കുന്നത്. സംസ്ഥാന പൊലീസ് മേധാവിയുമായി നേരിട്ടാണ് കരാർ ഉറപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ റൂറൽ എസ്.പിയ്ക്ക് നിർമ്മാണകാര്യത്തിൽ വേണ്ടത്ര ഇടപെടൽ നടത്താനാകുന്നില്ല. നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട പേപ്പറുകളും ബില്ലുകളും പൊലീസ് ആസ്ഥാനത്ത് പോയി അനുവദിച്ചുവരുന്നതിന്റെ സാങ്കേതിക തടസങ്ങളുമുണ്ട്. 14,466 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്ന് നിലകളുള്ള കെട്ടിടമാണ് എസ്.പി ഓഫീസിനായി നിർമ്മിക്കുന്നത്.

കോൺക്രീറ്റ് ജോലികൾ ഉൾപ്പടെ പൂർത്തിയായിട്ടുണ്ട്. ഭിത്തി കെട്ടിമറയ്ക്കലും അനുബന്ധ ജോലികളുമാണ് അവശേഷിക്കുന്നത്. റസ്റ്റ് ഹൗസിനോട് ചേർന്ന പി.ഡബ്ളിയു.ഡി കെട്ടിടത്തിലാണ് അസൗകര്യങ്ങളുടെ നടുവിൽ എസ്.പി ഓഫീസ് ഇപ്പോൾ പ്രവർത്തിച്ചു വരുന്നത്. എസ്.പിയെ കാണാനെത്തുന്നവർ ഏറെനേരം വരാന്തയിൽ ഇരിക്കേണ്ട ഗതികേടിലാണ്. ഫ്രണ്ട് ഓഫീസ്, ഡിവൈ.എസ്.പിമാരുടെ ഓഫീസുകൾ, സാങ്കേതിക വിഭാഗങ്ങൾ തുടങ്ങിയവ പരിമിത സൗകര്യങ്ങളിൽ വീർപ്പുമുട്ടുകയാണ്. തട്ടിക്കൂട്ട് കെട്ടിടത്തിലായിരുന്ന കൺട്രോൾ റൂം ഒരാഴ്ച മുൻപ് പഴയ സർക്കിൾ ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. 20 പൊലീസ് സ്റ്റേഷനുകളും എസ്.പി അടക്കം 2200 പൊലീസ് ഉദ്യോഗസ്ഥരുമടങ്ങുന്നതാണ് റൂറൽ പൊലീസ് ജില്ല. ഹെഡ് ക്വാർട്ടേഴ്സ് ആയതോടെ അംഗബലം ഇനിയും കൂടും.

ക്യാമ്പ് ഓഫീസിനും തുക അനുവദിക്കും

കൊട്ടാരക്കര തൃക്കണ്ണമംഗൽ ഗാന്ധിമുക്കിന് സമീപം മുമ്പ് താലൂക്ക് ഓഫീസ് പ്രവർത്തിച്ചിരുന്ന കോമ്പൗണ്ടിലാണ് എസ്.പി ഓഫീസിന്റെ ആസ്ഥാന മന്ദിരം നിർമ്മിക്കുന്നത്. കല്ലട ഇറിഗേഷൻ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുനൽകിയതാണ്. ഇവിടെത്തന്നെയാണ് എസ്.പിയുടെ ക്യാമ്പ് ഓഫീസും നിർമ്മിക്കുക. ഇതിനായി സ്ഥലം കണ്ടെത്തി പ്ളാൻ തയ്യാറാക്കി തുടർ നടപടിയ്ക്കായി നൽകിയിട്ടുണ്ട്. 60 ലക്ഷം രൂപയുടെ കെട്ടിടമാണ് എസ്.പിയ്ക്ക് താമസിക്കാനുള്ള ക്യാമ്പ് ഓഫീസിനായി നിർമ്മിക്കുക.

നിർമ്മാണം തുടങ്ങി, ഇനി വേഗത്തിൽ പൂർത്തിയാകും

ചില സാങ്കേതിക തടസങ്ങളാൽ നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിയിരുന്നു. കൊവിഡും അനുബന്ധ പ്രശ്നങ്ങളും വേറെയും ഉണ്ടായി. തടസങ്ങൾ ഏറെക്കുറെ പരിഹരിച്ച് നിർമ്മാണം പുനരാരംഭിച്ചിട്ടുണ്ട്. കൃത്യമായി ജോലി നടന്നാൽ മൂന്ന് മാസംകൊണ്ട് എല്ലാ നിർമ്മാണവും പൂർത്തിയാക്കാനാകും.(ഹരിശങ്കർ, റൂറൽ എസ്.പി)