ശാസ്താംകോട്ട: കുന്നത്തൂർ - കരുനാഗപ്പള്ളി താലൂക്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വലിയറക്കടവ് പാലത്തിനായി നാട്ടുകാർ കാത്തിരിപ്പ് തുടങ്ങിയിട്ട് കാലങ്ങളേറെയായി. ശൂരനാട് തെക്ക് പഞ്ചായത്തിലെ വലിയറക്കടവിനെയും തൊടിയൂരിനെയും ബന്ധിപ്പിച്ച് പള്ളിക്കലാറിന് കുറുകെ പാലം വരുന്നതാണ് നാട്ടുകാരുടെ എക്കാലത്തേയും സ്വപ്നം. ഇപ്പോൾ ഇരുകരകളിലുമുള്ളവർ മറുകരയിലെത്താൻ ആറു കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയാണ്. ഏക ആശ്രയമായ കടത്തുവള്ളത്തിലൂടെ യാത്ര മഴക്കാലത്ത് ഏറെ ദുഷ്കരവുമാണ്. . ഇരുകരകളിലേയും കൂലിപ്പണിക്കാരും കശുവണ്ടി തൊഴിലാളികളും വിദ്യാർഥികളുമാണ് പാലം ഇല്ലാത്തതിന്റെ ദുരിതം അനുഭവിക്കുന്നത്.
10 കോടി അനുവദിച്ചു
പള്ളിക്കലാറിന് കുറുകെ ശൂരനാട് തെക്ക്- തൊടിയൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പാലം നിർമ്മിക്കുന്നതിന് പത്ത് കോടി രൂപ ബഡ്ജറ്റിൽ അനുവദിച്ചിരുന്നു. ഇരു പഞ്ചായത്തുകളിലും അതിർത്തി അളന്ന് കല്ലിട്ടു. പിന്നീട് സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചില വ്യക്തികൾ തടസം ഉന്നയിച്ചതോടെ തുടർപ്രവൃത്തികൾ നിലയ്ക്കുകയായിരുന്നു.രണ്ട് നിയോജക മണ്ഡലങ്ങളിലെയും എം.എൽ.എ മാരുടയും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ചർച്ചകൾ നടന്നുവെങ്കിലും പരിഹാരമായില്ല.
" പാലം യാഥാർത്ഥ്യമാക്കുന്നതിനു വേണ്ടി തർക്കം ഉന്നയിക്കുന്ന സ്ഥലം ഉടമകളുമായി അടിയന്തരമായി ചർച്ച നടത്തും. "
ആർ .രാമചന്ദ്രൻ എം.എൽ.എ
"ശൂരനാട് തെക്ക്, തൊടിയൂർ പഞ്ചായത്തുകളിൽ ഏറെ വികസനത്തിന് കാരണമാകുന്ന പാലം യാഥാർത്യമാക്കുന്നതിന് തർക്കങ്ങൾ അടിയന്തിരമായി പരിഹരിക്കും "
കോവൂർ കുഞ്ഞുമോൻ എം.എൽ.എ.