covid

കൊല്ലം: മരണത്തിന്റെ വക്കിൽ നിന്നുള്ള അതിജീവനങ്ങൾ ആശ്വാസം നൽകുന്നതിനിടയിൽ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഉയരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ഔദ്യോഗിക കണക്ക് പ്രകാരം ജില്ലയിൽ ഇതുവരെ 39 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

സംസ്ഥാനത്ത് പൊതുവേയുള്ളത് പോലെ മദ്ധ്യവയസ് പിന്നിട്ടവരാണ് ജില്ലയിൽ മരിച്ചവരിൽ ഭൂരിഭാഗവും. ഇവരിൽ പലരും മറ്റ് രോഗങ്ങൾക്ക് കാലങ്ങളായി ചികിത്സ നടത്തുന്നവരാണ്. ഇത് പ്രായമായവരും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവരും കൂടുതൽ ജാഗ്രത പുലർത്തണമെന്ന സന്ദേശമാണ് നൽകുന്നത്. കൊവിഡ് ബാധിക്കുന്ന കൊച്ചുകുട്ടികൾ മുതൽ യുവാക്കൾ വരെ വേഗത്തിൽ രോഗമുക്തരാകുന്നുണ്ട്. മദ്ധ്യവയസ് പിന്നിട്ടവരുടെ രോഗമുക്തിയാണ് വൈകുന്നത്. രോഗം കൂടുതൽ പേർക്ക് തീവ്രമായാൽ അവരെ ചികിത്സിക്കാൻ വേണ്ടത്ര ഐ.സി.യു, വെന്റിലേറ്റർ സംവിധാനങ്ങൾ ഇല്ലാത്തതും ആശങ്കയാണ്.

കൊവിഡ് മരണ സംഖ്യയിൽ ജില്ല നിലവിൽ അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് ബാധിച്ച് മരിച്ച പലരുടെയും അന്തിമ പരിശോധനാ ഫലം ഇനിയും വരാനുണ്ട്.

 കൊവിഡ് മരണം

സംസ്ഥാനത്ത് ആകെ: 519

ജില്ലയിൽ: 39

 കൊവിഡ് ബാധിച്ചത്: 8,987

 രോഗമുക്തരായത്: 5,955

 നിലവിൽ ചികിത്സയിലുള്ളവർ: 2,994

 ഇന്നലെ 330 പേർക്ക് കൂടി കൊവിഡ്

ജില്ലയിൽ ഇന്നലെ 330 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ടുപേർ വിദേശത്ത് നിന്നും 18 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.നാല് ആരോഗ്യ പ്രവർത്തകർ അടക്കം 310 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ഈമാസം 16ന് മരിച്ച കോയിവിള സ്വദേശിനി രാധാമ്മയുടെ (50) മരണകാരണം കൊവിഡാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു. തഴുത്തല, ഇട്ടിവ കോട്ടുക്കൽ, എഴുകോൺ കൊച്ചാഞ്ഞിലംമൂട്, കരീപ്ര മടന്തക്കോട്, വാക്കനാട്, ഇരവിപുരം, ശക്തികുളങ്ങര, നീണ്ടകര, പനമന വടക്കുംതല എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 151 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 2,994 ആയി.