20200919
അഹിൻ,ഭാര്യ മേരി എയ്ഞ്ചൽ,മകൾ അഹിന

ആയൂർ:നിലമേൽ മുരുക്കുമൺ ആര്യഭവനിൽ അഹിൻമോഹനും മകൾ രണ്ടുവയസുകാരി അഹിനയും കിഡ്നി മാറ്റിവയ്ക്കാൻ തുകകണ്ടെത്താനാവാതെ ദുരിതത്തിലാണ്. ഒരു വർഷമായി ആഴ്ചയിൽ രണ്ട് തവണ ഡയാലിസിസ് നടത്തിക്കൊണ്ടിരുന്ന അഹിൻമോഹന് ഇനി കിഡ്നി മാറ്റിവയ്ക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിക്കഴിഞ്ഞു.മകൾ അഹിനയ്ക്ക് 6 വയസ് തികഞ്ഞാലേ ഓപ്പറേഷൻ ചെയ്യാനാകൂ.അതുവരെ ചികിത്സ തുടരണം.

താങ്ങാനാവാത്ത ചികിത്സാ ചിലവ്

നിലമേൽ ഒരു കാർ ഷോറൂമിൽ ജീവനക്കാരനായിരുന്നു അഹിൻ.ഭാര്യയും മകളും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനം അഹിന്റെ ശമ്പളമാണ്.ഡയാലിസിസ് തുടങ്ങിയതിന് ശേഷം ജോലിയ്ക്ക് പോകാൻ കഴിഞ്ഞിട്ടില്ല.അതോടെ കുടുംബം പട്ടിണിയുടെ വക്കിലായി.മിശ്ര വിഹാഹമായതിനാൽ ബന്ധുക്കളും സഹായത്തിനില്ല. മാസം മുപ്പതിനായിരത്തോളം രൂപയാണ് ഡയാലിസിസിനും മരുന്നിനുമായി അഹിന് മാത്രം ചിലവാകുന്നത്.ഇതിന് പുറമേയാണ് മകളുടെ ചികിത്സ.

സുമനസുകളുടെ സഹായം

അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലാണ് ഇപ്പോൾ ഡയാലിസിസ് നടത്തി വരുന്നത്.വാർഡ് മെമ്പറായ സുജിത്താണ് ചികിത്സയ്ക്കുള്ള പണം കണ്ടെത്തി നൽകുന്നത്.സമീപവാസിയായ ഓട്ടോ ഡ്രൈവർ സൗജന്യമായിട്ടാണ് ആശുപത്രിയിൽ എത്തിയ്ക്കുന്നത്.രണ്ടുപേരുടെ രോഗവും സാമ്പത്തിക ബുദ്ധിമുട്ടും ഈ കുടുംബത്തിന്റെ മുന്നോട്ടുള്ള ജീവിതം തന്നെ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നു.ഈ സാഹചര്യത്തിൽ കിഡ്നി മാറ്റിവയ്ക്കാനും തുടർ ചികിത്സയ്ക്കുമായി 30 ലക്ഷത്തിലധികം രൂപ കണ്ടെത്തണം.അഹിന്റെ പേരിൽ ഫെഡറൽബാങ്ക് നിലമേൽ ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ:18820100053595.IFSC FDRL 0001882.