മൺറോത്തുരുത്തിലെ അതിജീവന വഴിയാകും കാലാവസ്ഥാ അനുരൂപ കൃഷി
കൊല്ലം: കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളി മറികടന്ന് കൃഷിയിൽ നൂറുമേനി കൊയ്യാനിറങ്ങുകയാണ് മൺറോത്തുരുത്ത്. ചെറുതും വലുതുമായ പാരിസ്ഥിതിക ആഘാതങ്ങൾക്ക് മുന്നിൽ പതറാതെ അതിജീവനവഴി തേടുന്ന തുരുത്തിന് പുതിയ കൃഷിരീതി വലിയ പ്രതീക്ഷയാണ് നൽകുന്നത്. സംസ്ഥാന കൃഷി വകുപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആരംഭിക്കുന്ന കാലാവസ്ഥാ അനുരൂപ കൃഷി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്‌തത്. മൺറോതുരുത്തിലെ പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയെന്ന സർക്കാർ നയത്തിന്റെ ഭാഗമാണ് പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂപ്രകൃതിയിൽ ഉണ്ടാകുന്ന നിരന്തര വ്യതിയാനങ്ങളുടെ ഫലമായി സാധാരണ കൃഷി മൺറോത്തുരുത്തിന് അന്യമാവുകയായിരുന്നു. എന്നാൽ കാലാവസ്ഥാ അനുരൂപ കൃഷിയിലൂടെ ഓരുജല നെൽകൃഷി ഉൾപ്പെടെയുള്ളവ തുരുത്തിലേക്ക് തിരികെക്കൊണ്ടു വരുകയാണ്.
കാലാവസ്ഥാ അനുരൂപ കൃഷിയുടെ നേട്ടങ്ങൾ
1. കാലാവസ്ഥാ വ്യതിയാനത്തിന്റെ ബുദ്ധിമുട്ടുകളെ മറികടക്കാം
2. പ്രദേശത്തിന്റെ സ്വഭാവം അനുസരിച്ചുള്ള കൃഷി രീതികൾ
3. ഓരുജല നെൽകൃഷി ചെയ്യാനുള്ള സൗകര്യം
4. കൂട് മത്സ്യ കൃഷി, കക്ക കൃഷി, താറാവ് വളർത്തൽ
5. കൃഷി രീതികളെല്ലാം ഉൾപ്പെടുന്ന സംയോജിത ഭൂവിനിയോഗം
6. പരിസ്ഥിതി സൗഹൃദ തീരസംരക്ഷണം ഉറപ്പാക്കും
7. ഓരുജല വ്യാപനം തടയും
8. ചതുപ്പുകളുടെ അതിരുകളിൽ കണ്ടൽ വേലി നിർമ്മിക്കും
9. പുതിയൊരു കാർഷിക മാതൃകയായി ഇത് മാറും
മൺറോത്തുരുത്തിലെ പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയെന്ന സർക്കാർ നയത്തിന്റെ ഭാഗമാണ് പദ്ധതി. പ്രദേശത്തിന്റെ സ്വാഭാവിക സാഹചര്യങ്ങൾക്ക് അനുയോജ്യമായ വിധം കൃഷിയും കൃഷി ക്രമീകരണങ്ങളും രൂപപ്പെടുത്തുകയാണ് ലക്ഷ്യം.
പിണറായി വിജയൻ, മുഖ്യമന്ത്രി
കൃഷി ജീവിതമാർഗമാക്കാം
തുരുത്തിലെ ജനങ്ങൾക്ക് കൃഷി ജീവിത മാർഗമാക്കാൻ കഴിയുന്ന സാഹചര്യമാണ് പുതിയ പദ്ധതിയിലൂടെ രൂപപ്പെടുന്നത്. മൺറോത്തുരുത്തിലെ മാതൃക ഭാവിയിൽ സമാന പരിസ്ഥിതി സാഹചര്യമുള്ള ഇടങ്ങളിലേക്കും വ്യാപിപ്പിക്കാനാകും. മൺറോത്തുരുത്തിനൊപ്പം കുട്ടനാട്ടിലെ കാർഷിക മേഖലയുടെ മുന്നേറ്റത്തിനായി കാർഷിക കലണ്ടറും കൃഷി വകുപ്പ് പുറത്തിറക്കി. കുട്ടനാട്ടിൽ നിലവിൽ നടക്കുന്ന അച്ചടക്കരഹിതമായ കാർഷിക പ്രവർത്തനങ്ങൾ പുനക്രമീകരിക്കുകയാണ് ലക്ഷ്യം.