കൊല്ലം: ഒന്നേകാൽ കിലോ കഞ്ചാവുമായി മുൻ കഞ്ചാവ് കേസ് പ്രതി പിടിയിലായി. കൊറ്റങ്കര മുണ്ടൻചിറ ബിനു ഭവനത്തിൽ ബെന്നിയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വലയിലായത്. എക്സൈസ് സംഘം വീട്ടിലെത്തുമ്പോൾ ബെന്നി കഞ്ചാവ് വില്പനയ്ക്കായി പുറത്തേക്കിറങ്ങുകയായിരുന്നു. പല വലിപ്പത്തിലുള്ള പൊതികളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പ്രതിയിൽ നിന്ന് പിടിച്ചെടുത്തത്. കഞ്ചാവ് വില്പപന നടത്തി ലഭിച്ച 10000 രൂപയും പിടിച്ചെടുത്തു. മാമൂട്, മുണ്ടൻചിറ, വേലൻകോണം ഭാഗങ്ങൾ കേന്ദ്രീകരിച്ച് ബെന്നി വൻതോതിൽ കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ പി.കെ. സനുവിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്സൈസ് ഇൻസ്പെക്ടർ ടി. രാജീവ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ നഹാസ്, അനൂപ്, എ. രവി, കബീർ, മനു കെ. മണി, ഡ്രൈവർ നിതിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.