കൊട്ടിയം: ഉമയനല്ലൂർ മാടച്ചിറയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ വീട്ടുപുരയിടത്തിലെ മതിൽ റോഡിലേക്ക് ഇടിഞ്ഞുവീണ് രണ്ട് പേർക്ക് പരിക്ക്. ഉമയനല്ലൂർ - എസ്‌റ്റേറ്റ് റോഡിൽ വെൽഡിംഗ് വർക്ക്ഷോപ്പ് നടത്തുന്ന ശശിധരൻ, സ്ഥാപനത്തിലെ ജീവനക്കാരൻ മാടമിറ വീട്ടിൽ ശബരീഷ് (ചന്തു ) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം. ജോലിസംബന്ധമായി ഈ വഴി പോകുമ്പോൾ കോൺക്രീറ്റ് കട്ടകൾ കൊണ്ട് നിർമ്മിച്ച മതിൽ ഇരുവരുടെയും ദേഹത്തേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. മതിലിനടിയിൽ അകപ്പെട്ട ശശിധരന്റെ നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ ശ്രമകരമായ പ്രവർത്തനത്തിലൂടെ രണ്ടു പേരെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശശിധരന് സാരമായി പരിക്കേറ്റിട്ടുണ്ട്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ശബരീഷിനെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിട ഉടമ വീട് മറ്റൊരാൾക്ക് വാടകയ്ക്ക് നൽകിയിരിക്കുകയാണ്. പ്രദേശവാസികൾ യാത്ര ചെയ്യുന്ന റോഡിൽ കോൺക്രീറ്റ് കല്ലുകൾ വീണു കിടക്കുന്നതിനാൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.