കൊല്ലം :കടവൂർ ബൈപ്പാസ് ജംഗ്ഷനിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി തലകീഴായി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. ആലപ്പുഴ അരൂർ സ്വദേശി ഷജീറിനാണ് (36) പരിക്കേറ്റത്. ഇന്നലെ രാവിലെ 6.30നാണ് സംഭവം. ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് മത്സ്യവുമായി പോയതാണ് ലോറി. ബൈപ്പാസ് ജംഗ്ഷനിലെ സിഗ്നൽ കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ടയർ ലോക്കായതാണ് അപകട കാരണമെന്ന് ഡ്രൈവർ ഷജീർ പറഞ്ഞു. ഇദ്ദേഹത്തിന് നട്ടെല്ലിന് സാരമായി പരിക്കേറ്റു. അപകടത്തെ തുടർന്ന് അഞ്ചാലുംമൂട് പൊലീസ് സ്ഥലത്തെത്തിയാണ് ഗതാഗതക്കുരുക്ക് നിയന്ത്രിച്ചത്. താഴ്ചയിലേക്ക് മറിഞ്ഞ ലോറി പിന്നീട് ക്രെയിൻ ഉപയോഗിച്ച് ഉയർത്തി റോഡിൽ നിന്ന് മാറ്റി.