photo

കൊല്ലം: പള്ളിക്കലാറിന് കുറുകെ വലിയറക്കടവ് പാലത്തിനായി നാട്ടുകാർ പതിറ്റാണ്ടുകളായി കാത്തിരിക്കുകയാണ്. കുന്നത്തൂർ - കരുനാഗപ്പള്ളി താലൂക്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തരത്തിൽ ശൂരനാട് തെക്ക് പഞ്ചായത്തിലെ വലിയറക്കടവിനെയും തൊടിയൂരിനെയും ബന്ധിപ്പിക്കുന്ന പാലമാണ് വേണ്ടത്. ഇപ്പോൾ ഇരുകരകളിലുമുള്ളവർ മറുകരയിലെത്താൻ ആറു കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയാണ്. ഏക ആശ്രയമായ കടത്തുവള്ളത്തിലൂടെ യാത്ര മഴക്കാലത്ത് ഏറെ ദുഷ്കരവുമാണ്. ഇരുകരകളിലേയും കൂലിപ്പണിക്കാരും കശുഅണ്ടി തൊഴിലാളികളും വിദ്യാർഥികളുമാണ് പാലം ഇല്ലാത്തതിന്റെ ദുരിതം അനുഭവിക്കുന്നത്. പാലം നിർമ്മിക്കുന്നതിന് നേരത്തെ പത്ത് കോടി രൂപ ബഡ്ജറ്റിൽ അനുവദിച്ചിരുന്നു. ഇരു പഞ്ചായത്തുകളിലും അതിർത്തി അളന്ന് കല്ലിട്ടു. പിന്നീട് സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചില വ്യക്തികൾ തടസം ഉന്നയിച്ചതോടെ തുടർപ്രവൃത്തികൾ നിലയ്ക്കുകയായിരുന്നു. രണ്ട് നിയോജക മണ്ഡലങ്ങളിലെയും എം.എൽ.എമാരുടയും മറ്റ് ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ചർച്ചകൾ നടന്നുവെങ്കിലും പരിഹാരമായില്ല. ഇനിയും ചർച്ചകൾ തുടരുമെന്നാണ് ജനപ്രതിനിധികൾ പറയുന്നത്. പാലം യാഥാർത്ഥ്യമായെങ്കിൽ മാത്രമേ ഇരുഭാഗത്തെയും വികസന പ്രവർത്തനങ്ങളും മെച്ചപ്പെടുകയുള്ളൂ.