കരുനാഗപ്പള്ളി: സമത്വചിന്ത ആദ്യമായി ലോകത്തിന് നൽകിയത് ശ്രീനാരായണ ഗുരുദേവനാണെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. ശിവഗിരിമഠം ഗുരുധർമ്മ പ്രചാരണ സഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ടി.കെ. കുമാരൻ സ്മാരക പ്രാർത്ഥനാ ഹാളിൽ സംഘടിപ്പിച്ച ഗുരുദേവന്റെ 93-ാം സഹാസമാധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടിച്ചമർത്തപ്പെട്ട ജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തിയത് ഗുരുദേവന്റെ വിപ്ലവകരമായ പ്രവർത്തനങ്ങളായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് ഉപവാസ യജ്ഞം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ഗുരുധർമ്മ പ്രചാരണ സഭ കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് സൗത്ത് ഇന്ത്യൻ വിനോദ് അദ്ധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി അംഗം ടി.കെ. സുധാകരൻ സന്ദേശം നൽകി. പ്രചാരണ സഭ മണ്ഡലം സെക്രട്ടറി ആർ. ഹരീഷ്, മാതൃവേദി പ്രസിഡന്റ് ലേഖാബാബുചന്ദ്രൻ, സെക്രട്ടറി സുഭദ്രാ ഗോപാലകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.എൻ. കനകൻ, വി. ചന്ദ്രാക്ഷൻ, കമ്മിറ്റി അംഗങ്ങളായ സജീവ് സൗപർണിക, തയ്യിൽ തുളസി, തുണ്ടിൽ സുധാകരൻ, ശാന്താ ചക്രപാണി, അമ്പിളി രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. വൈകിട്ട് 3.15 ന് മഹാസമാധി പ്രാർത്ഥനയോടും അന്നദാനത്തോടും കൂടി പരിപാടികൾ സമാപിച്ചു.