നാടെങ്ങും ഭക്തിനിർഭരമായ ചടങ്ങുകളോടെ ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണം
കരുനാഗപ്പള്ളി: ശ്രീനാരായണ ഗുരുദേവന്റെ 93-ാം മഹാസമാധി ഭക്തിനിർഭരമായ ചടങ്ങുകളോടെ നാടെങ്ങും ആചരിച്ചു. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയനിലും വിവിധ ശാഖകളിലും മഹാസമാധി ദിനാചരണം സംഘടിപ്പിക്കപ്പെട്ടു. കരുനാഗപ്പള്ളി യൂണിയൻ ആസ്ഥാനത്തുള്ള ഗുരുദേവ പ്രതിമയ്ക്ക് മുന്നിൽ രാവിലെ 7.30ന് യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ, സെക്രട്ടറി എ. സോമരാജൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചതോടെ ആചരണ പരിപാടികൾക്ക് തുടക്കമായി. യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ശോഭനൻ, യോഗം ബോർഡ് മെമ്പർ കളരിക്കൽ സലിംകുമാർ, യൂണിയൻ കൗൺസിലർമാരായ അഡ്വ. എൻ. മധു, ശ്രീകുമാർ പാർപ്പിടം, വനിതാ യൂണിയൻ സെക്രട്ടറി മധുകുമാരി, എസ്.എൻ.ഡി.പി യൂത്ത് മൂവ്മെന്റ് ജില്ലാ കൺവീനർ ശർമ്മാ സോമരാജൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ടി.ഡി. ശരത്ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. യൂണിയൻ ആസ്ഥാനത്ത് ഗുരുദേവ ഭാഗവത പാരായണവും വൈകിട്ട് മഹാസമാധി പ്രാർത്ഥനയ്ക്ക് ശേഷം അന്നദാനവും നടത്തി. യൂണിയന്റെ പരിധിയിൽ വരുന്ന 66 ശാഖകളിലും ഗുരുക്ഷേത്രങ്ങളിലും കൊവിഡ് മാനദണ്ഡം പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. യൂണിയന്റെ നിയന്ത്രണത്തിലുള്ള ഓച്ചിറ ശ്രീനാരായണ മഠത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെയാണ് ആചരണ പരിപാടികൾ സംഘടിപ്പിച്ചത്. പുലർച്ചെ ഗുരുക്ഷേത്രത്തിൽ സംഘടിപ്പിച്ച ഗണപതി ഹോമത്തോടെ ആചരണ പരിപാടികൾ ആരംഭിച്ചു. രാവിലെ മുതൽ പ്രത്യേക പൂജകൾ നടത്തി. ഗുരുപൂജ. ഗുരുപുഷ്പാഞ്ജലി, ഗുരുഭാഗവത പരായണം, ഉപവാസം, മൗനപ്രാർത്ഥന എന്നിവ സംഘടിപ്പിച്ചു. വൈകിട്ട് മഹാസമാധി പൂജയോടെ ആചരണ പരിപാടികൾ സമാപിച്ചു. യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ, വൈസ് പ്രസിഡന്റ് എസ്. ശോഭനൻ, സെക്രട്ടറി എ. സോമരാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ മഹാ സമാധി ആചരിച്ചു. കോൺഗ്രസ് തഴവ മണ്ഡലം കമ്മിറ്റി ഓഫീസ് അങ്കണത്തിൽ സംഘടിപ്പിച്ച മഹാസമാധി സമ്മേളനം കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി ചെയർമാൻ ആർ. സാജൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി മെമ്പർ അഡ്വ. എം.എ. ആസാദ് മുഖ്യപ്രഭാഷണം നടത്തി. ഒ.ബി.സി ഡിപ്പാർട്ട്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി മോഹനൻ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ആനി പൊൻ, കോൺഗ്രസ് നേതാക്കളായ അഡ്വ. സുഭാഷ് ബാബു, ഖലീലുദ്ദീൻ പൂയപ്പള്ളി, അനിൽ കുറ്റിപ്പുറം, ഒ.ബി.സി തൊടിയൂർ മണ്ഡലം പ്രസിഡന്റ് താഹ തുടങ്ങിയവർ പങ്കെടുത്തു. കോൺഗ്രസ് ആദിനാട് മണ്ഡലം 19-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 93-ാം മഹാസമാധി ആചരിച്ചു. സഹാസമാധി സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. ഇടശ്ശേരി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.കെ. സുനിൽകുമാർ, മേടയിൽ ശിവപ്രസാദ്, കെ.എം. നൗഷാദ്, കളരിക്കൽ ജയപ്രകാശ്, അകത്തൂട്ട് രാമചന്ദ്രൻപിള്ള, ഗിരിജാകുമാരി, രാജേഷ് ഫ്ലക്‌സ്, പ്രസേനൻ, അംബികാമ്മ, അരുൺ കുമാർ കല്ലുംമൂട്, അജയൻ, രാജൻ, ഉദയൻ, രാമൻ, സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു.
ചവറ യൂണിയൻ
ചവറ : എസ്.എൻ.ഡി.പി യോഗം ചവറ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 93-ാം മഹാസമാധി ദിനം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഭക്തിനിർഭരമായി ആചരിച്ചു. ചവറ യൂണിയൻ അങ്കണത്തിൽ നടന്ന ചടങ്ങ് യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് അരിനല്ലൂർ സഞ്ജയൻ, യൂണിയൻ വൈസ് പ്രസിഡന്റ ബി. ശശിബാബു, ബോർഡംഗം സുധാകരൻ, കൗൺസിലർമാരായ ഗണേശറാവു, ശ്രീകുമാർ, രഘു, മുരളീധരൻ, കാർത്തികേയൻ, മൈക്രോഫിനാൻസ് കോ ഒാർഡിനേറ്റർമാരായ മോഹനൻ നിഖിലം, ശോഭകുമാർ, യൂണിയൻ യുത്ത് മൂവമെന്റ് പ്രസിഡന്റ് റോഷാനന്ദ് എന്നിവർ പ്രാർത്ഥനയിൽ പങ്കെടുത്തു.
ശ്രീനാരായണഗുരു ഗ്രന്ഥശാല
കരുനാഗപ്പള്ളി: ശ്രീനാരായണഗുരു ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 93-ാം മഹാസമാധി ദിനം ആചരിച്ചു. രക്ഷാധികാരി പതിയിൽ പുഷ്പാംഗദൻ ഗുരുദേവ ച്ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. 'ശ്രീനാരായണ ദർശനങ്ങളുടെ സമകാലിക പ്രസക്തി' എന്ന വിഷയം അടിസ്ഥാനമാക്കി വൈകിട്ട് നടന്ന സെമിനാറിൽ ഗ്രന്ഥശാലാ പ്രസിഡന്റ് ഡി. ചിദംബരൻ വിഷയം അവതരിപ്പിച്ചു. വൈസ്പ്രസിഡന്റ് എസ്. ഹരികുമാർ, സെക്രട്ടറി ഡി. ദിലീപ്കുമാർ, വനിതാ വേദി കൺവീനർ ശ്രീജ, ഷീജ, എൻ. മോഹനൻ, മോളി ജോൺ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.