rainb

 പെയ്ത് തോരാതെ ജില്ലയിലാകെ ദുരിതം

കൊല്ലം: രണ്ട് ദിവസമായി ഇടതടവില്ലാതെ തിമിർത്ത് പെയ്ത മഴ ജനജീവിതം ദുരിതത്തിലാക്കി. ഇന്നലെ മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും നഗരത്തിലും നാട്ടിൻപുറങ്ങളിലും താഴ്ന്ന പ്രദേശങ്ങളെല്ലാം ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഓണത്തിന് തൊട്ടുമുൻപ് കാലവർഷം ശക്തമായതിനെ തുടർന്ന് നിറഞ്ഞ് കവിഞ്ഞ ജലാശയങ്ങൾ അതേപടി തുടരുമ്പോൾ തോരാമഴ വീണ്ടും പെയ്തതോടെ വെള്ളം ഒഴിഞ്ഞുപോകാത്ത സ്ഥിതിയാണുള്ളത്.

താമസസ്ഥലങ്ങളും കൃഷിയിടങ്ങളും പലയിടത്തും വെള്ളത്തിൽ മുങ്ങി. ഞായറാഴ്ച രാത്രിയും ഇന്നലെ പകലും മഴയ്ക്ക് ശമനമുണ്ടായത് നേരിയ ആശ്വാസമായെങ്കിലും നദികളും തോടുകളും കരകവിഞ്ഞതിനാൽ പലയിടത്തും വെള്ളം ഇറങ്ങാൻ തുടങ്ങിയിട്ടില്ല. വരും മണിക്കൂറുകളിൽ ശക്തമായ മഴ ആവർത്തിക്കാതിരുന്നാൽ മാത്രമേ വെള്ളക്കെട്ടിന് അൽപ്പമെങ്കിലും ശമനമുണ്ടാകൂ.

ജില്ലയുടെ വടക്കൻ പ്രദേശങ്ങളായ ഓച്ചിറ, ആലപ്പാട്,​ ക്ളാപ്പന, കുലശേഖരപുരം, അയണിവേലിക്കുളങ്ങര തുടങ്ങിയ തീരദേശ പഞ്ചായത്തുകളെല്ലാം വെള്ളപ്പൊക്ക കെടുതികളിലാണ്. പലസ്ഥലത്തും കൃഷിനാശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തൊടിയൂർ, തഴവ, ശൂരനാട്, കുന്നത്തൂർ, ശാസ്താംകോട്ട മേഖലകളിലും മഴ ജനജീവിതം ദുരിതത്തിലാക്കി. പള്ളിക്കലാറ്, കല്ലടയാറ്, ടി.എസ്. കനാൽ, ഇത്തിക്കരയാറ് എന്നിവിടങ്ങളിലെ ജലനിരപ്പ് ഉ‌യർന്നത് തീരങ്ങളിൽ താമസിക്കുന്നവരെ ആശങ്കയിലാക്കിയിട്ടുണ്ട്. പലസ്ഥലങ്ങളിലും ഗ്രാമീണ റോഡുകളും പ്രധാന പാതകളും വെള്ളത്തിലായി. ജില്ലയുടെ കിഴക്കൻ മേഖലയിലും മഴ നാശനഷ്ടങ്ങൾക്കിടയാക്കിയിട്ടുണ്ട്.

 തീരദേശത്തും കെടുതികളുടെ വേലിയേറ്റം

ആലപ്പാട് ഉൾപ്പെടെ തീരദേശ പഞ്ചായത്തുകളെല്ലാം കടലാക്രമണ-വെള്ളപ്പൊക്ക കെടുതികളിലാണ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വീണ്ടും ശക്തമായ മഴയ്ക്ക് കാരണമാകുമെന്ന് കലാവാസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുള്ളതിനാൽ ജനങ്ങൾ ആശങ്കയിലാണ്. കടൽ പ്രക്ഷുബ്ധമാകാൻ സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.