വ്യാപനം രൂക്ഷം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
കൊല്ലം: ജില്ലയുടെ വടക്കൻ മേഖലയായ കരുനാഗപ്പള്ളി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷം. രോഗികളെ പ്രവേശിപ്പിക്കാൻ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ തികയാതെ വരുമെന്ന നില എത്തിയതോടെ ആരോഗ്യപ്രശ്നങ്ങളില്ലാത്തവരെ വീടുകളിൽ ക്വാറന്റൈനിലാക്കി ചികിത്സിക്കുന്ന രീതി വ്യാപകമാക്കി. വള്ളിക്കാവിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററും ചികിത്സയ്ക്കായി സജ്ജമായി കഴിഞ്ഞു.
താലൂക്കിന്റെ തെക്കേയറ്റത്ത് മത്സ്യബന്ധന തുറമുഖം സ്ഥിതി ചെയ്യുന്ന തീരദേശഗ്രാമമായ നീണ്ടകര, തൊട്ടടുത്ത മുകുന്ദപുരം, പയ്യലക്കാവ്, കൊട്ടുകാട് മേഖലകളിലാണ് കൊവിഡ് വ്യാപനം ഭയപ്പെടുത്തുന്നത്. കൊട്ടുകാട്, ചവറ തോട്ടിന് വടക്ക്, കൊറ്റൻകുളങ്ങരയ്ക്ക് പടിഞ്ഞാറ് എന്നിവിടങ്ങളിൽ മൂന്നുപേർ കൊവിഡ് ബാധിച്ച് മരിച്ചതും ഭീതി ഇരട്ടിപ്പിക്കുന്നു.
ചവറയിൽ സമ്പർക്ക വ്യാപനമാണ് രോഗ പകർച്ചയ്ക്ക് മുഖ്യകാരണം. ജില്ലയ്ക്ക് അകത്തും പുറത്തും നിന്ന് നിരവധി പേർ മത്സ്യം വാങ്ങാനെത്തുന്ന നീണ്ടകര ഹാർബറിൽ രോഗ ഭീതിയെ തുടർന്ന് കർശന നിയന്ത്രണങ്ങളോടെയാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. പന്മന ഗ്രാമപഞ്ചായത്തിൽ വലിയതോതിൽ രോഗ വ്യാപനമുണ്ടായില്ലെങ്കിലും രണ്ട് ദിവസം മുമ്പ് പതിനഞ്ച് പേർക്ക് രോഗം റിപ്പോർട്ട് ചെയ്തതോടെ ഇവിടെയും ഭീതി പടർന്നിട്ടുണ്ട്.
പന്മന, ഇടപ്പള്ളിക്കോട്ട, പൊന്മന, വടക്കുംതല, കന്നേറ്റി, വെറ്റമുക്ക് പ്രദേശങ്ങളിലെല്ലാം ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്. നൂറിലേറെ പേർക്ക് രോഗം റിപ്പോർട്ട് ചെയ്ത ഇവിടെ 25 പേർ സ്വന്തം വീടുകളിലും ഗർഭിണി ഉൾപ്പെടെ 18 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിലും ചികിത്സയിലാണ്. കരുനാഗപ്പള്ളി മുൻസിപ്പാലിറ്റിയിലെ പണിക്കർ കടവ് പാലത്തിന് സമീപത്തെ ഒരു ഡിവിഷനൊഴികെ മറ്റെങ്ങും കാര്യമായ രോഗബാധയില്ല. നാലോ അഞ്ചോ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. തീരദേശഗ്രാമമായ അഴീക്കൽ, കുലശേഖരപുരം, ക്ളാപ്പന, തഴവ, തൊടിയൂർ പ്രദേശങ്ങളിലും രോഗം കടുക്കുന്നുണ്ട്. സമൂഹ വ്യാപനത്തിനുള്ള സാദ്ധ്യത കണക്കിലെടുത്ത് ഇവിടങ്ങളിൽ ആരോഗ്യവകുപ്പ് അതീവജാഗ്രതയിലാണ്.
ബംഗാളികൾക്ക് കൊവിഡ്
നീണ്ടകരയിൽ നിർമ്മാണ ജോലിക്ക് പശ്ചിമബംഗാളിൽ നിന്ന് ബസ് മാർഗമെത്തിയ 55 തൊഴിലാളികളിൽ 33 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മറ്റുള്ളവരുമായി സമ്പർക്കമുണ്ടാകാതിരുന്നതിനാൽ സമൂഹ വ്യാപന ഭീതിയില്ല. ഇവരെ കരുനാഗപ്പള്ളിയിലെ ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിശോധനയിൽ നെഗറ്റീവായ ഇവർക്കൊപ്പമുള്ള 22 പേർ നിരീക്ഷണത്തിലാണ്.
ചവറ പഞ്ചായത്ത്
കൂടുതൽ കേസ്: 258
ചികിത്സയിലുള്ളത് 87
നീണ്ടകര: 136
വീട്ടിൽ ചികിത്സയിൽ കഴിയുന്നത്: 25
ആശുപത്രികളിൽ: 18
''
ഉറവിടം അറിയാത്ത കേസുകൾ മുൻപത്തേക്കാൾ വർദ്ധിച്ചു. ഓണത്തിന് ശേഷം ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ച് രോഗികളുടെ എണ്ണം പെരുകിയിട്ടുണ്ട്.
ആരോഗ്യവകുപ്പ്