ക്ലാസുകളുടെ ദൈർഘ്യം കുറയ്ക്കണമെന്ന് ആവശ്യം
കൊല്ലം: ഓൺലൈൻ ക്ലാസുകൾക്കായി കമ്പ്യൂട്ടറിന്റെയും മൊബൈൽ ഫോൺ സ്ക്രീനുകളുടെയും മുന്നിൽ പകലിന്റെ ഭൂരിഭാഗവും ചെലവിടുകയാണ് വിദ്യാർത്ഥികളിൽ മിക്കവരും. പൊതു വിദ്യാലയങ്ങളിലെ കുട്ടികൾക്ക് വിക്ടേഴ്സ് ചാനലിലൂടെ നിശ്ചിത സമയം മാത്രമാണ് ക്ലാസുണ്ടാവുക. എന്നാൽ ഭൂരിപക്ഷം സ്വകാര്യ - സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളിലും സ്ഥിതി അതല്ല.
സ്വകാര്യ സ്‌കൂളുകളിലെ ക്ലാസുകൾക്ക് പൊതു മാനദണ്ഡം നിശ്ചയിച്ചിട്ടില്ലാത്തതിനാൽ ഓരോ സ്‌കൂളും സ്വതന്ത്രമായ ക്ലാസ് രീതിയാണ് ആവിഷ്‌കരിക്കുന്നത്. എൽ.പി ക്ലാസുകളിലെ കുട്ടികളെ ഏകദേശം രണ്ട് മണിക്കൂറിലേറെ മൊബൈൽ - കമ്പ്യൂട്ടർ സ്ക്രീനുകളുടെ മുന്നിൽ ഇരുത്തുന്ന സ്‌കൂളുകളുണ്ട്. ചെറിയ ക്ലാസുകളിലെ കുട്ടികൾക്കൊപ്പം രക്ഷിതാക്കളും സ്ക്രീനിന് മുന്നിൽ കാണണം. മുതിർന്ന ക്ലാസുകളിലേക്ക് പോകും തോറും ക്ലാസ് സമയത്തിന്റെ ദൈർഘ്യവും കൂടും. ഓഡിയോ, വീഡിയോ രൂപത്തിലും പൂർണമായും ഓൺലൈനായും വ്യത്യസ്‌ത രീതികളിലാണ് ക്ലാസുകൾ. രാവിലെ ആരംഭിക്കുന്ന ക്ലാസ് നിശ്ചിത ഇടവേളകൾ നൽകി വൈകുന്നേരം വരെ നീളാറുണ്ട്. ഓൺലൈൻ ക്ലാസുകൾക്ക് പല ഫീസ് ഘടനകളാണ് സ്കൂളുകൾ ഈടാക്കുന്നത്. പൊതു വിദ്യാലയങ്ങളുടെ ഭാഗമായ മിക്ക ഹയർ സെക്കൻഡറി സ്കൂളുകളും വിക്ടേഴ്സ് ചാനലിന് പുറമെ തനതായ ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് നൽകുന്നുണ്ട്. വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ കുട്ടികൾക്ക് ഒരേ തരത്തിൽ ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്ന പരിമിതിയാണ് ഇതിന് കാരണം. കൊവിഡ് സാഹചര്യങ്ങൾ ഇതേ തരത്തിൽ തുടരുകയാണെങ്കിൽ ഈ വർഷം പൂർണമായും ഓൺലൈൻ പഠനമായിരിക്കും കുട്ടികൾക്ക് ലഭിക്കുക.
ബാലാവകാശ കമ്മിഷൻ
നിർദേശങ്ങളും പാലിക്കുന്നില്ല
സ്‌കൂളുകളിലെ ഓൺ ലൈൻ പഠനക്ലാസുകൾ ഒരു ദിവസം രണ്ട് മണിക്കൂറിൽ കൂടരുതെന്ന സംസ്ഥാന ബാലാവാകാശ കമ്മിഷന്റെ ഉത്തരവ് പ്രായോഗിക തലത്തിൽ നടപ്പാകുന്നില്ല. തിരുവല്ലയിലെ സ്വകാര്യ സ്‌കൂളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30വരെ ഓൺലൈൻ ക്ലാസ് നടത്തുന്നതിനെതിരെ രക്ഷിതാവ് നൽകിയ പരാതിയിലായിരുന്നു കമ്മിഷന്റെ നടപടി. ഒരു ക്ലാസിന്റെ സമയപരിധി അര മണിക്കൂറായി നിശ്ചയിക്കണമെന്നും നിർദേശിച്ചിരുന്നു.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ജവഹർ നവോദയ, കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെ പ്രിൻസിപ്പൽമാർ ഓരോ മാസത്തെയും ഓൺലൈൻ ക്ലാസുകളുടെ ടൈം ടേബിൾ ജില്ലാ കളക്ടർ, വിദ്യാഭ്യാസ ഉപഡയറക്ടർ എന്നിവർക്ക് നൽകണമെന്നും കമ്മിഷൻ നിർദേശിച്ചിരുന്നു.
ആരോഗ്യ - മാനസിക പ്രശ്‌നങ്ങൾ
തുടർച്ചയായി കമ്പ്യൂട്ടർ, ലാപ്പ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവയുടെ സ്ക്രീനുകളിൽ നോക്കിയിരിക്കേണ്ടി വരുന്നത് മിക്ക വിദ്യാർത്ഥികളിലും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ചിലരിൽ കണ്ണുവേദന, തലവേദന തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്‌ടിക്കുന്നതെങ്കിൽ മറ്റ് ചിലർക്കത് മാനസിക പ്രശ്‌നങ്ങൾക്കും ഇടയാക്കുന്നു. നിലവിലെ സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾ മാത്രമാണ് ഏക അദ്ധ്യയന മാർഗം. പക്ഷേ ദൈർഘ്യം കുറയ്ക്കേണ്ടത് അനിവാര്യമാണെന്ന് രക്ഷിതാക്കളും പറയുന്നു.
''
തുടർച്ചയായ കമ്പ്യൂട്ടർ, മൊബൈൽ ഉപയോഗം ചെറിയ കുട്ടികൾക്ക് പല തരത്തിലുള്ള ബുദ്ധിമുട്ടുകളും സൃഷ്ടിക്കാം. രക്ഷിതാക്കൾ ക്ലാസുകൾ കേട്ട് പിന്നീട് കുട്ടികളെ പഠിപ്പിക്കുകയോ, അല്ലെങ്കിൽ ക്ലാസുകളുടെ ദൈർഘ്യം കുറയ്ക്കുകയോ ചെയ്യുന്നതാകും ഉചിതം.
ഡോ. എം. അദർശ്, ശിശുരോഗ വിദഗ്ദ്ധൻ
''
40 മിനിട്ട് വീതമുള്ള അഞ്ച് ക്ലാസുകളാണ് എട്ടാം ക്ലാസിൽ പഠിക്കുന്ന മോന്. രാവിലെ മുതൽ വൈകിട്ട് വരെ ക്ലാസാണ്. അവൻ പരാതി പറയാറുണ്ട്. ലാപ്ടോപ്പിന് മുന്നിൽ ചടഞ്ഞിരിക്കുന്നത് ബുദ്ധിമുട്ടാണ്.
രശ്‌മി, രക്ഷിതാവ്, മീയണ്ണൂർ
''
കുഞ്ഞിന്റെ കൂടെ ക്ലാസിലിരിക്കണം. അഞ്ചിൽ പഠിക്കുന്ന മകൾക്കെപ്പം രണ്ട് മണിക്കൂറിലേറെ ഇങ്ങനെ ഇരിക്കേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ട് എനിക്കുമുണ്ട്.
അഞ്ജലി, രക്ഷിതാവ് , ശൂരനാട്