കൊല്ലം: സർക്കാർ വിരുദ്ധ സമരങ്ങൾക്ക് ഇന്ന് മുതൽ വീണ്ടും ജില്ലാ ആസ്ഥാനം വേദിയാകുന്നു. മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് വളയും. യുവമോർച്ചാ പ്രവർത്തകരെ നിരന്തരം കള്ളക്കേസിൽ കുടുക്കുന്നതായും ആരോപണമുണ്ട്.
കളക്ടറേറ്റിന്റെ പ്രധാന കവാടങ്ങൾ പ്രവർത്തകർ ഉപരോധിക്കും. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ. പ്രഫുൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എൽ. അജേഷ്, ബി.ജെ.പി ജില്ലാ സെക്രട്ടറി വി.എസ്. ജിതിൻദേവ് തുടങ്ങിയവർ പങ്കെടുക്കും. ആശ്രാമം ലിങ്ക് റോഡിൽ നിന്ന് പ്രകടനമായാകും പ്രവർത്തകർ കളക്ടറേറ്റിലെത്തുക.
സർക്കാരിനെതിരെ യു.ഡി.എഫ് നടത്തുന്ന സംസ്ഥാന വ്യാപക പ്രക്ഷോഭങ്ങളുടെ ഭാഗമായി നാളെ കളക്ടറേറ്റിന് മുന്നിൽ യു.ഡി.എഫ് ജില്ലാ കമ്മിറ്റി സത്യാഗ്രഹം നടത്തും. സ്വർണക്കടത്ത്, ലൈഫ് മിഷൻ കോഴ, പ്രളയ തട്ടിപ്പ്, പിൻവാതിൽ നിയമനം, സർക്കാരിന്റെ അഴിമതികൾ എന്നിവ സി.ബി.ഐ അന്വേഷിക്കണമെന്നും എൻ.ഐ.എ ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീലിനെ പുറത്താക്കുക, മുഖ്യമന്ത്രി രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് പ്രതിഷേധം. കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം. ഹസൻ നാളെ രാവിലെ പ്രതിഷേധം ഉദ്ഘാടനം ചെയ്യും.
ആരോപണങ്ങളെ നേരിടാൻ സി.പി.എം സത്യാഗ്രഹവും
സർക്കാർ വിരുദ്ധ സമരങ്ങളെ നേരിടാൻ വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം മുഖ്യ പ്രചാരണ ആയുധമാക്കുകയാണ് സി.പി.എം. നാളെ അഴീക്കോടൻ ദിനത്തിൽ ഏരിയാ കേന്ദ്രങ്ങളിൽ വൈകിട്ട് നാല് മുതൽ ആറ് വരെ വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് സത്യാഗ്രഹം നടത്തും. കോൺഗ്രസും ബി.ജെ.പിയും അക്രമസമരങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ച് 29ന് ജില്ലാ കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് ധർണയും ആലോചനയിലാണ്.