agri
വട്ടക്കായലിലെ നെൽകൃഷി

കൊല്ലം: കൈയും മെയ്യും മറന്ന് ഒറ്റമനസോടെ നാട്ടുകാർ മണ്ണിലിറങ്ങിയപ്പോൾ തഴവ തരിശ് രഹിതമായി. കൃഷി വകുപ്പിന്റെയും ഹരിതകേരള മിഷന്റെയും പദ്ധതികളെ ഗ്രാമ പഞ്ചായത്തും നാട്ടുകാരും ഇരുകൈയും നീട്ടി സ്വീകരിച്ചതോടെയാണ് ഹരിതകേരള മിഷൻ തരിശ് രഹിത പഞ്ചായത്തായി തഴവയെ പ്രഖ്യാപിക്കാൻ കാരണം. വിലത്തകർച്ചയും കീടശല്യവും കാരണം കൃഷി ഉപേക്ഷിച്ച് തരിശിട്ടിരുന്ന സ്ഥലങ്ങളിലാണ് കൃഷി വകുപ്പിന്റെ ഇടപെടലിനെ തുടർന്ന് കൃഷിയോഗ്യമായത്. രണ്ട് പതിറ്റാണ്ടായി കൃഷിയില്ലാതെ കിടന്ന വട്ടക്കായലിലെ 130.4 ഹെക്ടർ സ്ഥലത്ത് നെൽകൃഷി പുനരാരംഭിച്ചതാണ് പ്രധാനനേട്ടം. നെൽകൃഷിക്ക്പേരുകേട്ട പാടശേഖരങ്ങളുണ്ടായിരുന്ന തഴവയിൽ അഞ്ച് വർഷം മുമ്പ് ഒന്നും രണ്ടും വിളകളിൽ 60 ഹെക്ടറായി നെൽകൃഷി ചുരുങ്ങി. തരിശ് നിലം കൃഷിയ്ക്ക് ഉപയുക്തമാക്കൽ പദ്ധതിയുടെ ഭാഗമായി 2017-18ൽ ഒന്നാം വിള നെൽക്കൃഷി 30ൽ നിന്ന് 160 ഹെക്ടറും രണ്ടാംവിള നെൽക്കൃഷി 30ൽ നിന്ന് 70 ആയും വികസിപ്പിച്ചു. രണ്ട് പതിറ്റാണ്ടിന് ശേഷം ആദ്യമായി 2018ലാണ് വട്ടക്കായലിൽ വെള്ളം വറ്റിച്ച് വിത്തിറക്കിയത്. കർഷകർ പാട്ടത്തിനെടുത്ത് വിത്തും വളവുമിറക്കിയ വട്ടക്കായലിലെ 130.4 ഹെക്ടർ സ്ഥലത്ത് നെൽകൃഷി ആരംഭിച്ചതോടെ തഴവയിലെ നെല്ലുത്പാദനം 520 മെട്രിക് ടണ്ണായി ഉയർന്നു.

മൂന്ന് ക്ളസ്റ്ററുകളിലും വ്യക്തിഗത ക‌ർഷകരുമായി ചേർന്ന് അമ്പത് ഹെക്ടർ സ്ഥലത്ത് പച്ചക്കറി കൃഷിയും നടത്തുന്നുണ്ട്. നാടൻ പച്ചക്കറികൾ വിറ്റഴിക്കാൻ പാവുമ്പയിൽ കൃഷി വകുപ്പിന്റെ വിപണിയും സജീവമാണ്. നവംബർ മുതൽ ആരംഭിക്കുന്ന ഓണാട്ടുകരയുടെ പൈതൃകമായ പട്ടുചീര കൃഷിയാണ് തരിശ് രഹിത തഴവയുടെ മറ്റൊരു ഹിറ്റ്. തെങ്ങിന് ഇടവിളയായി 140 ഹെക്ടറോളം സ്ഥലത്ത് മരച്ചീനി,​ വാഴ,​ ചേന ,​ ചേമ്പ്,​ കിഴങ്ങ്,​ കാച്ചിൽ,​ ഇഞ്ചി,​ മഞ്ഞൾ എന്നിവയുമുണ്ട്. സുഭിക്ഷകേരളം പദ്ധതിയിലുൾപ്പെടുത്തി നടാം നേരിടാമെന്ന മുദ്രാവാക്യമുയർത്തി പഞ്ചായത്തിൽ കൃഷിരഹിതമായിക്കിടന്ന 70 ഹെക്ടറോളം സ്ഥലത്ത് കരനെൽക്കൃഷിയും 25 ഹെക്ടറിൽ വാഴ,​ പച്ചക്കറി തുടങ്ങിയവയും ലോക്ക്ഡൗൺ കാലത്ത് കൃഷിയിറക്കിയിരുന്നു. വാഴ,​ മാവ്,​ പ്ളാവ്,​ റമ്പൂട്ടാൻ,​ ഡ്രാഗൺ ഫ്രൂട്ട് എന്നിവയും തഴവയിൽ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞവർഷം ആഗസ്റ്റ് 15ന് നടന്ന പ്രത്യേക ഗ്രാമസഭാ തീരുമാനപ്രകാരം ശുചിത്വം സമൃദ്ധം പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായവും തഴവയിലെ കാർഷികമേഖലയിലെ നേട്ടത്തിന് തുണയായി. കൃഷി ഓഫീസർമാരായ അജ്മി,​ റോസ് ലിൻ, പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത,​ സെക്രട്ടറി സി. ജനചന്ദ്രൻ എന്നിവരുടെ ആത്മാർത്ഥ പരിശ്രമമാണ് തഴവയുടെ നേട്ടത്തിന് പിന്നിൽ.

 തരിശ് ഭൂമി കൃഷി യോഗ്യമാക്കി കൃഷിചെയ്യുന്നതിന് സർക്കാരിൽ നിന്ന് സാമ്പത്തിക സഹായവും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാണ്. വട്ടക്കായലിൽ പാട്ടത്തിനെടുത്താണ് കർഷകർ നെൽക്കൃഷി നടത്തിയത്. കൂടുതൽ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കാൻ കർഷകർ തയ്യാറാകണം.

എച്ച്. അജ്മി,​ കൃഷി ഓഫീസർ, തഴവ