കൊല്ലം : നിയമസഭാ സാമാജികനെന്ന നിലയിൽ അൻപതു വർഷം പൂർത്തിയാക്കിയ മുൻമുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടിയോടുള്ള സ്നേഹാദരവിന്റെ ഭാഗമായി കോൺഗ്രസ് കെ.പി.സി.സി ഒ.ബി.സി വിഭാഗം ജീവകാരുണ്യ പ്രവർത്തനം നടത്തി. ചവറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ ചെയർമാൻ അഡ്വ. ഷേണാജി ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുൻഗണന നൽകുന്ന നേതാവാണ് ഉമ്മൻചാണ്ടിയെന്നും അതിനാലാണ് ഈ സന്ദർഭത്തിൽ നിർദ്ധനരായവർക്ക് ജീവൻ രക്ഷാമരുന്നുകൾ വിതരണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അൻസിൽ പൊയ്ക അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ബൈജു പുരുഷോത്തമൻ, അബ്ദുൽ റഷീദ്, മുൻ കൗൺസിലർ അൽഫോൻസ് ഫിലിപ്പ്, പ്രസാദ്, ഭഗീരഥൻ, ജോസഫ് മണ്ണച്ചേരി, പാട്രിക് ലാസർ എന്നിവർ സംസാരിച്ചു.