തൊടിയൂർ: ശ്രീനാരായണ ഗുരുദേവന്റെ 93-ാം മഹാസമാധി തൊടിയൂരിലെ എല്ലാ ശാഖകളിലും ആചരിച്ചു. എസ്.എൻ.ഡി.പി യോഗം 416-ാം നമ്പർ കല്ലേലിഭാഗം ശാഖയിൽ സെക്രട്ടറി സുഭാഷ് കല്ലേലിഭാഗം ഭദ്രദീപം തെളിച്ചു. തുടർന്നു നടന്ന സമൂഹപ്രാർത്ഥനയിൽ ശാഖാ കമ്മിറ്റി അംഗങ്ങളായ സുരേഷ്, സുധീരൻ, ധർമ്മരാജൻ, വനിതാ സംഘം പ്രവർത്തകരായ ലേഖ, സരസ്വതി, സരള, ദിവ്യ, സുജാത തുടങ്ങിയവർ പങ്കെടുത്തു. 3566-ാം നമ്പർ ഇടക്കുളങ്ങര ശാഖാ ഗുരുക്ഷേത്രത്തിൽ വിശേഷാൽ പൂജ, ഗുരുദേവ കൃതികളുടെ പാരായണം, സമൂഹപ്രാർത്ഥന എന്നീ ചടങ്ങുകളോടെ മഹാസമാധിദിനം ആചരിച്ചു. വനിതാസംഘം, യൂത്ത് മൂവ്മെന്റ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. പ്രസിഡന്റ് അശോകൻ, സെക്രട്ടി ഹരിദാസ് എന്നിവർ നേതൃത്വം നൽകി.
പുലിയൂർ വഞ്ചി 5100-ാം നമ്പർ ശാഖാ ഗുരുക്ഷേത്രത്തിൽ വിശേഷാൽ പൂജ, വനിതാസംഘത്തിന്റെ സമൂഹപ്രാർത്ഥന, ഗുരുഭാഗവത പാരായണം എന്നീ ചടങ്ങുകളോടെ മഹാസമാധി ആചരിച്ചു. പ്രസിഡന്റ് കെ. മുരളീധരൻ, വൈസ് പ്രസിഡന്റ് മനോജ്, സെക്രട്ടറി തൊടിയൂർ വിജയകുമാർ എന്നിവർ നേതൃത്വം നൽകി. 424-ാം നമ്പർ തൊടിയൂർ ശാഖയിൽ ഗുരുപൂജ, സമൂഹപ്രാർത്ഥന തുടങ്ങിയ ചടങ്ങുകളോടെ മഹാസമാധി ആചരിച്ചു. ശാഖാ യോഗം പ്രസിഡന്റ് പ്രൊഫ. രാജൻ മങ്കൊമ്പിൽ, സെക്രട്ടറി ശിവപ്രസാദ് എന്നിവർ നേതൃത്വം നൽകി.