കാർഷിക വിളകൾക്ക് വ്യാപക നാശം
ചാത്തന്നൂർ: കരടി ഇറങ്ങിയ ഭീതിയിൽ നിന്ന് മോചിതരായതിന് പിന്നാലെ കാർഷിക വിളകൾക്ക് ഭീഷണിയായി കാട്ടുപന്നി ശല്യം രൂക്ഷമായത് ചാത്തന്നൂരുകാരെ വലയ്ക്കുന്നു. ഉളിയനാട്, പാണിയിൽ പ്രദേശങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കപ്പെടുകയാണ്. ഇന്നലെ ഉളിയനാട് ഭാഗത്ത് കാട്ടുപന്നിയെ നാട്ടുകാർ കണ്ടതോടെയാണ് വൻതോതിലുള്ള വിളനാശത്തിന് കാരണം നാട്ടുകാർ തിരിച്ചറിഞ്ഞത്.
ഉളിയനാട് ചരുവിള വീട്ടിൽ മുരുകൻ, കുന്നുവിള വീട്ടിൽ ഉഷ ജോൺസൺ, മൈലാപ്പിൽ സുഭാഷ്, കുന്നുവിള വീട്ടിൽ ജോജി കോശി, റെയ്ച്ചൽ വില്ലയിൽ കെ.എൽ. അലക്സാണ്ടർ, കുരിശുവിള വീട്ടിൽ അന്നാമ്മ തുടങ്ങിയവരുടെ വിളകൾ നശിപ്പിക്കപ്പെട്ടു. രാത്രികാലങ്ങളിൽ കൃഷിനാശം വ്യാപകമായതോടെ കാവലിരിക്കാൻ തുടങ്ങിയ നാട്ടുകാരും കാട്ടുപന്നിയെ നേരിൽക്കണ്ടു.
തുടർന്ന് പഞ്ചായത്ത്, വില്ലേജ്, പൊലീസ്, ഫോറസ്റ്റ് അധികൃതരെ നാട്ടുകാർ വിവരം അറിയിച്ചു. സ്ഥലം സന്ദർശിച്ച ഗ്രാമപഞ്ചായത്ത് അംഗം രജിതാ രാജേന്ദ്രൻ പന്നിയുടെ കാല്പാടുകളുടെ ഫോട്ടോയെടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുത്തു. ഇതിൽ നിന്ന് കാൽപ്പാടുകൾ കാട്ടുപന്നിയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചാത്തന്നൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.