കൊല്ലം: അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കുരീപ്പുഴയിൽ നഗരസഭ നിർമ്മിക്കുന്ന സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ സർവേയ്ക്ക് എത്തിയവരെ പ്രദേശവാസികൾ സംഘടിച്ച് തടഞ്ഞു.
ഇന്നലെ രാവിലെ 10 മണിയോടെയാണ് പദ്ധതി നടപ്പാക്കുന്ന ചണ്ടി ഡിപ്പോ ഭൂമിയിൽ നിർവഹണ ഏജൻസിയായ വാട്ടർ അതോറിറ്റിയുടെ ഉദ്യോഗസ്ഥരും കരാറുകാരും എത്തിയത്. വൻ പൊലീസ് സംഘവും ഒപ്പമുണ്ടായിരുന്നു. വിവരമറിഞ്ഞതോടെ നാട്ടുകാർ സംഘടിച്ച് ഉദ്യോഗസ്ഥരെ തടഞ്ഞു. കുരീപ്പുഴ മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ സമിതി പ്രവർത്തകർ ചണ്ടി ഡിപ്പോയുമായി ബന്ധപ്പെട്ട കോടതികളുടെയും ഗ്രീൻ ട്രൈബ്യൂണലിന്റെയും ഉത്തരവുകൾ പൊലീസിന് കൈമാറി. പിന്നീട് പൊലീസും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയ്ക്കൊടുവിൽ 12 മണിയോടെ സംഘം പിൻവാങ്ങി.
ഇന്നലെ വൈകിട്ട് കുരീപ്പുഴ തേവര് നട ക്ഷേത്രത്തിന് സമീപം പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ യോഗം ചേർന്നു. പ്രസിഡന്റ് സത്യപാലൻ, സെക്രട്ടറി മണലിൽ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. ഇന്ന് മാമൂട്ടിക്കടവിൽ പ്രതിഷേധ യോഗം സംഘടിപ്പിക്കാനും തീരുമാനിച്ചു.
നേരത്തെ കക്കൂസ് മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ കുരീപ്പുഴയിൽ പ്രദേശവാസികളുടെ നേതൃത്വത്തിൽ ശക്തമായ സമരം നടന്നിരുന്നു. എതിർപ്പ് ശക്തമായതോടെ കോടികൾ ചെലവാക്കി സ്ഥാപിച്ച യന്ത്രങ്ങൾ അടക്കം ഉപേക്ഷിച്ചു. ഇപ്പോൾ തങ്ങളുമായി ചർച്ച നടത്താതെയാണ് പുതിയ മാലിന്യസംസ്കരണ പദ്ധതിയുമായി എത്തിയിരിക്കുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
നഗരസഭ പിന്മാറണം
പരിസ്ഥിതി ലോല മേഖലയായ കുരീപ്പുഴയിൽ മലിനജല സംസ്‌കരണ യൂണിറ്റുകൾ സ്ഥാപിക്കാനുള്ള നീക്കത്തിൽ നിന്ന് നഗരസഭ പിന്മാറണം. ഇടത് മുന്നണിയുടെ അഴിമതിയുടെ അടയാളമാണ് നഗരത്തിലെ കേന്ദ്രികൃത മലിനജല സംസ്‌കരണ പ്ലാന്റ്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ദീർഘ വീക്ഷണമില്ലാതെ അഷ്ടമുടിക്കായലിനോട് ചേർന്ന് മലിനജല പ്ലാന്റ് നിർമ്മിക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ. പദ്ധതിയുമായി നഗരസഭ മുന്നോട്ട് പോയാൽ പ്രതിഷേധവും പ്രതിരോധവും കനക്കും.
ബി.ബി. ഗോപകുമാർ, ബി.ജെ.പി ജില്ലാ പ്രസിഡന്റ്