death

മരണശേഷം ബന്ധുമിത്രാദികളെ പിരിയേണ്ട വേദന ഓർക്കാനാവില്ല. പക്ഷേ, ഇന്തോനേഷ്യയിലെ സുലവേസി നിവാസികൾക്ക് അങ്ങനെയൊരു വിഷമം ഇല്ല. കാരണം മറ്റൊന്നുമല്ല, മരണമടഞ്ഞ സ്വന്തക്കാരുടെ മൃതദേഹം അവർ വർഷം തോറും പുറത്തെടുത്ത് പുതുവസ്ത്രമണിയിക്കുന്നു. ടൊറാജ വിഭാഗത്തിൽപ്പെട്ട ആളുകളാണ് ഇത്തരമൊരു വിചിത്രമായ ആചാരത്തിൽ വിശ്വസിക്കുന്നത്. എല്ലാ വർഷവും മൃതദേഹം പുറത്തെടുത്ത് വൃത്തിയാക്കി പുതുവസ്ത്രങ്ങൾ ധരിപ്പിച്ച് വലിയ ജനാവലിയുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ഗ്രാമം മുഴുവൻ പ്രദക്ഷിണം നടത്തും. തുടർന്ന് വീണ്ടും അടക്കം ചെയ്യും.

മനൈൻ എന്ന പേരിലാണ് വിചിത്രമായ ഈ ആഘോഷം അറിയപ്പെടുന്നത്. മരിച്ചവരോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിക്കലാണ് ഇത്തരമൊരു ചടങ്ങിലൂടെ ടൊറാജ വിഭാഗക്കാർ ഉദ്ദേശിക്കുന്നത്. നൂറിലേറെ വർഷം പഴക്കമുള്ള മൃതദേഹങ്ങൾ പോലും ഇത്തരത്തിൽ പുറത്തെടുത്ത് ശുശ്രൂഷകൾ നൽകുന്നു. സംസ്‌കരണം പ്രത്യേക രീതിയിലായതിനാൽ മൃതദേഹം കേടുപാടുകൾ സംഭവിക്കാതെ നിലനിൽക്കും പുതുവസ്ത്രമണിയിക്കൽ മാത്രമല്ല, മൃതദേഹങ്ങളെ കുളിപ്പിച്ച് പുതു ഫാഷനിലുള്ള കൂളിംഗ് ഗ്ലാസ് ധരിപ്പിച്ച് തെരുവിലൂടെ കൊണ്ടുപോകും.

ശവസംസ്‌കാരത്തെ ജീവിതത്തിലെ പ്രധാനപ്പെട്ട ചടങ്ങായാണ് ടൊറാജ വിഭാഗക്കാർ കരുതുന്നത്. മണ്ണിലോ കല്ലറകളിലോ അടക്കം ചെയ്യുന്ന രീതിയല്ല ഇവർ പിന്തുടരുന്നത്. മറിച്ച് ഈജിപ്ഷ്യൻ മമ്മി സമ്പ്രദായത്തിലാണ് ഇവരുടെ സംസ്‌കാര ചടങ്ങുകൾ. മൃതദേഹം എംബാം ചെയ്ത് മമ്മികളുടെ രൂപത്തിൽ പെട്ടിയിലാക്കി ഗുഹകളിലോ മരത്തിന്റെ ചില്ലകളിലോ സൂക്ഷിക്കും. കുട്ടികളാണ് മരിച്ചതെങ്കിൽ പുതിയ കളിപ്പാട്ടങ്ങൾ വച്ചാണ് വീണ്ടും അടക്കം ചെയ്യുക.
ഗ്രാമപ്രദക്ഷിണത്തിനു ശേഷം സ്വന്തം വീടുകളിൽ കൊണ്ടുപോയി 'പൂർവികർക്ക്' സാങ്കൽപിക വിരുന്നു നൽകും. മരിച്ചവർ ഉപയോഗിച്ചിരുന്ന കസേരയും കട്ടിലുമൊക്കെ അലങ്കരിച്ച ശേഷം മൃതദേഹത്തെ അതിൽ ഇരുത്തുന്നു. നൂറ്റാണ്ടുകളായി പിന്തുടരുന്ന ഈ വേറിട്ട ആചാരത്തിനു പിന്നിൽ രസകരമായ ഒരു കഥയുണ്ട്.

ബാരിപ്പു ഗ്രാമത്തിലെ വേട്ടക്കാരനായിരുന്ന പോംഗ് റുമസെക് ഒരു ദിവസം മരച്ചുവട്ടിൽ മൃതദേഹം ജീർണിച്ചു കിടക്കുന്നതായി കണ്ടു. പോംഗ് ആ മൃതദേഹം വൃത്തിയാക്കിയ ശേഷം സ്വന്തം വസ്ത്രങ്ങൾ ധരിപ്പിച്ചു. സമീപവാസികൾ പോംഗ് റുമസെകിന്റെ ഈ പ്രവൃത്തി സസൂക്ഷ്മം വീക്ഷിച്ചിരുന്നു. മൃതദേഹം തടിപ്പെട്ടിയിലാക്കി മരത്തിൽ സൂക്ഷിച്ച അദ്ദേഹം ഇടയ്ക്കിടെ അവർക്ക് പുതുവസ്ത്രങ്ങൾ അണിയിച്ചു. ദിവസങ്ങൾ പിന്നിട്ടപ്പോൾ പോംഗ് റുമസെക് ധനികനാവുകയും ചെയ്തു. തന്റെ അഭിവൃദ്ധിക്കു കാരണം ഈ പരേതാത്മാവിന്റെ അനുഗ്രഹമാണെന്ന് അദ്ദേഹവും ഗ്രാമവാസികളും വിശ്വസിച്ചു. പോംഗിന്റെ മരണശേഷവും ഇൗ ആചാരം പിന്നീട് ഗ്രാമവാസികൾ ഒന്നാകെ ഏറ്റെടുക്കുകയായിരുന്നു. പോംഗ് റുമസെകിന്റെ മൃതദേഹവും ടൊറാജ വിഭാഗക്കാർ പരിപാലിക്കുന്നുണ്ടെന്നാണ് വിവരം.