കൊല്ലം: പരിമിതികളുടെയും കാലാവസ്ഥാവെല്ലുവിളികളെയും മറികടന്ന് കൃഷിയിൽ നൂറ് മേനി കൊയ്യാനിറങ്ങുകയാണ് മൺറോത്തുരുത്ത്. ചെറുതും വലുതുമായ പാരിസ്ഥിതിക ആഘാതങ്ങൾക്ക് മുമ്പിൽ പതറാതെ അതിജീവന വഴികൾ തേടുന്ന തുരുത്തിന് പുതിയ കൃഷി രീതി നൽകുന്ന പ്രതീക്ഷ ചെറുതല്ല. സംസ്ഥാന കൃഷി വകുപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആരംഭിക്കുന്ന പദ്ധതി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്‌തത്. മൺറോതുരുത്തിലെ പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയെന്ന സർക്കാർ നയത്തിന്റെ ഭാഗമാണ് പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂപ്രകൃതിയിൽ ഉണ്ടാകുന്ന നിരന്തര വ്യതിയാനങ്ങളാൽ സാധാരണ കൃഷി തുരുത്തിന് അന്യമായി മാറുകയായിരുന്നു. പക്ഷേ കാലാവസ്ഥാ അനുരൂപ കൃഷിയിലൂടെ ഓരു ജല നെൽകൃഷി ഉൾപ്പെടെ തുരുത്തിലേക്ക് തിരികെ വരികയാണ്. തുരുത്തിലെ ജനങ്ങൾക്ക് കൃഷിയെ വരുമാന - ജീവിത മാർഗമാക്കാൻ കഴിയുന്ന സാഹചര്യമാണ് പുതിയ കൃഷി രീതിയിലൂടെ രൂപപ്പെടുന്നത്. മൺറോതുരുത്തിലെ മാതൃക ഭാവിയിൽ സമാന പരിസ്ഥിതി സാഹചര്യമുള്ള ഇടങ്ങളിലേക്കും വ്യാപിപ്പിക്കാനാകും. മൺറോതുരുത്തിനൊപ്പം കുട്ടനാട്ടിലെ കാർഷിക മേഖലയുടെ മുന്നേറ്റത്തിനായി കാർഷിക കലണ്ടറും കൃഷി വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. പ്രദേശത്തിന്റെ സ്വാഭാവിക സാഹചര്യങ്ങൾക്ക് അനുയോജ്യമായ വിധം കൃഷിയും കൃഷി ക്രമീകരണങ്ങളും രൂപപ്പെടുത്തുകയാണ് ലക്ഷ്യം.
അനുരൂപ കൃഷിയുടെ നേട്ടങ്ങൾ
1. കാലാവസ്ഥ വ്യതിയാനത്തിന്റെ ബുദ്ധിമുട്ടുകളെ മറികടക്കാനാകും
2. പ്രദേശത്തിന്റെ സ്വഭാവം അനുസരിച്ചുള്ള കൃഷി രീതികൾ
3. ഓരുജല നെൽകൃഷി
4. കൂട് മത്സ്യ കൃഷി
5. കക്ക കൃഷി
6. താറാവ് വളർത്തൽ
7. കൃഷി രീതികൾ എല്ലാം കൂടി ഉൾപ്പെടുന്ന സംയോജിത ഭൂവിനിയോഗം
8. പരിസ്ഥിതി സൗഹൃദ തീരസംരക്ഷണം ഉറപ്പാക്കും
9. ഓരുജല വ്യാപനം തടയും
10. ചതുപ്പുകളുടെ അതിരുകളിൽ കണ്ടൽ വേലി നിർമ്മിക്കും