kollam

കൊല്ലം: ഏകദേശം ഒന്നര പതിറ്റാണ്ട് മുൻപാണ് ജില്ലയിലേക്ക് അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നുവരവ് ആരംഭിച്ചത്. കൊല്ലത്ത് കശുഅണ്ടി ഫാക്ടറികളിലും നിർമ്മാണ മേഖലയിലും ജോലിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളികൾ ചുരുങ്ങിയ കാലം കൊണ്ട് സമസ്ത മേഖലകളും കൈയാളുകയായിരുന്നു. തൊഴിലാളികളുടെ എണ്ണം പെരുകിയതനുസരിച്ച് ഇവരുൾപ്പെടുന്ന കുറ്റകൃത്യങ്ങളും വർദ്ധിച്ചു. പശ്ചിമബംഗാൾ,​ ബീഹാർ,​ യു.പി,​ രാജസ്ഥാൻ,​ അസാം എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് തൊഴിലാളികളുടെ വരവ് വർദ്ധിച്ചതോടെയാണ് അന്യസംസ്ഥാന കുറ്റവാളികൾ കേരളത്തെ സുരക്ഷിതതാവളമാക്കിയത്. ജില്ലയിൽ മത്സ്യബന്ധനം,​ നിർമ്മാണമേഖല,​ കശുഅണ്ടി ഫാക്ടറികൾ,​ ഹോട്ടലുകളുൾപ്പെടെയുള്ള വ്യാപാര - വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് ഏറ്റവുമധികം മറുനാട്ടുകാർ ജോലി ചെയ്യുന്നത്.

കരാറുകാർ ശ്രദ്ധിക്കണം

തൊഴിലുടമകൾ ഇവരുടെ ഫോട്ടോയും തിരിച്ചറിയൽ രേഖകളുമുൾപ്പെടെയുള്ള വിവരങ്ങൾ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലെത്തി കൈമാറണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും മിക്ക കരാറുകാരും ഇതൊന്നും പാലിക്കാറില്ലെന്നതാണ് വാസ്തവം. തൊഴിലിടങ്ങളിലെത്തി നിയമാനുസൃതമല്ലാതെ തൊഴിലാളികൾ പണിയെടുക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ പൊലീസും മെനക്കെടാറില്ല. അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി അപ്നാഘർ ഭവന പദ്ധതി ഉൾപ്പെടെ വിവിധ സ്കീമുകൾ ലേബർ വകുപ്പ് ആവിഷ്കരിച്ചെങ്കിലും വളരെ കുറച്ച് തൊഴിലാളികൾ മാത്രമാണ് പദ്ധതികളിൽ അംഗമായത്.

വാട്ട്സാപ്പ്, ഫേസ് ബുക്ക് ഗ്രൂപ്പുകൾ സജീവം

ജില്ലയിൽ ശക്തികുളങ്ങര, നീണ്ടകര, കരുനാഗപ്പള്ളി, കുന്നത്തൂർ, കൊട്ടിയം, ചാത്തന്നൂർ, കുണ്ടറ, കൊട്ടാരക്കര, പത്തനാപുരം, പുനലൂർ മേഖലകളിലാണ് അന്യസംസ്ഥാന തൊഴിലാളികൾ കൂടുതലുള്ളത് ഇവരിൽ പലരും സാമൂഹ്യമാദ്ധ്യമങ്ങളിൽ സജീവമാണ്. പല സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഇവർക്കിടയിൽ നിരവധി ഗ്രൂപ്പുകളുമുണ്ട്. അന്യസംസ്ഥാന തൊഴിലാളികളെ പൊതുവിൽ ബംഗാളികളെന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും ഇവർ‌ക്കിടയിൽ നുഴഞ്ഞുകയറ്റക്കാരായ ബംഗ്ളാദേശികളും മുഷ്റാബാദ്, സിലിഗുരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള തീവ്രമനോഭാവക്കാരുമുണ്ട്. ഇവർക്ക് അവരുടേതായ ഭാഷകളിൽ വാട്ട്സാപ്പ്, ഫേസ് ബുക്ക് ഗ്രൂപ്പുകളുമുണ്ട്. ഇവരുടെ ഫോൺനമ്പരുൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ പൊലീസിന്റെ പക്കലില്ലാത്തതിനാൽ വിവിധ ഗ്രൂപ്പുകളിൽ ഇവർ നടത്തുന്ന ആശയവിനിമയം നിരീക്ഷിക്കാൻ പൊലീസിന് കഴിയാറില്ല. പെരുമ്പാവൂരിൽ നിന്ന് പിടിയിലായ അൽക്വഇദ പ്രവർത്തകരുടെ നീക്കങ്ങൾ തിരിച്ചറിയാൻ പറ്റാതെ പോയത് പൊലീസ് നിരീക്ഷണത്തിലെ ഈ പിഴവിലേക്കാണ് വിരൽ ചൂണ്ടുന്നത്.