എട്ട് യുവാക്കൾക്ക് സാരമായി പരിക്ക്
കൊല്ലം: സ്വർണക്കടത്തിൽ കുറ്റാരോപിതനായ മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണമെന്നും പ്രവർത്തകരെ കേസിൽ കുടുക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കളക്ടറേറ്റ് വളഞ്ഞ യുവമോർച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ഗ്രനേഡ് എറിഞ്ഞു. രണ്ട് നിയോജക മണ്ഡലം പ്രസിഡന്റുമാർ ഉൾപ്പെടെ എട്ട് പേർക്ക് സാരമായി പരിക്കേറ്റു.
ഇന്നലെ ഉച്ചയോടെയാണ് നഗരത്തിലെ നാല് കേന്ദ്രങ്ങളിൽ നിന്ന് പ്രകടനമായി വനിതകൾ ഉൾപ്പെടെയുള്ള പ്രവർത്തകർ കളക്ടറേറ്റിന്റെ മൂന്ന് ഗേറ്റുകളിലേക്ക് എത്തിയത്. തുടർന്ന് കളക്ടറേറ്റിന് ചുറ്റും ഇവർ വലയം തീർത്തു. പിന്നീട് മുദ്രാവാക്യം വിളികളുമായി പ്രധാന ഗേറ്റിലേക്ക് എത്തിയ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞ് പോയില്ല. ജലപീരങ്കി നിറുത്താൻ ആവശ്യപ്പെട്ട് പ്രവർത്തകർ വാഹനത്തിനടുത്തേക്കും പാഞ്ഞെത്തി.
ഇതിനിടെ മുന്നറിയിപ്പുകൾ ഒന്നും ഇല്ലാതെ പൊലീസ് ഗ്രനേഡ് എറിയുകയായിരുന്നു. വലിയ ശബ്ദത്തോടെ ഗ്രനേഡ് പൊട്ടിയതോടെ പ്രവർത്തകർ ചിതറിയോടി. പ്രധാന കവാടത്തിന് മുന്നിൽ നിന്ന് പ്രവർത്തകർ മാറിയിട്ടും തുടർച്ചയായി മൂന്ന് തവണ ഗ്രനേഡ് എറിഞ്ഞു. ഇതിനൊപ്പം കണ്ണീർവാതകവും പ്രയോഗിച്ചു.
കരുനാഗപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് ശംഭുവിന്റെ വലതുകാലിന് ഗ്രനേഡ് പ്രയോഗത്തിൽ ഗുരുതരമായി പരിക്കേറ്റു. ശംഭുവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാത്തന്നൂർ നിയജോക മണ്ഡലം പ്രസിഡന്റ് കൃഷ്ണരാജ്, പ്രവർത്തകരായ സൂരജ്, സജിൻ, റിജിൻ, സ്മിജു കൃഷ്ണൻ, ഉണ്ണി, അഖിൽ എന്നിവർക്കും പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.
ഗ്രനേഡിനും കണ്ണീർ വാതകത്തിനും പിന്നാലെ ശക്തമായ മഴ പെയ്തതോടെ പ്രവർത്തകർ പിന്മാറുമെന്ന് പൊലീസ് കരുതിയെങ്കിലും വീണ്ടും സംഘടിച്ച് പ്രധാന കവാടത്തിലെത്തി. തുടർന്ന് നടന്ന ഉപരോധം സംസ്ഥാന പ്രസിഡന്റ് സി.ആർ. പ്രഫുൽകൃഷ്‌ണ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ സെക്രട്ടറി വി.എസ്. ജിതിൻദേവ്, യുവമോർച്ച നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.
ഇന്ന് പൊലീസ് സ്റ്റേഷൻ മാർച്ച്
യുവമോർച്ച പ്രവർത്തകർക്ക് നേരെയുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് എല്ലാ നിയോജമണ്ഡലങ്ങളിലും ബി.ജെ.പിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ പറഞ്ഞു. പ്രതിഷേധ സമരങ്ങളെ കിരാത നടപടികളിലൂടെ അടിച്ചമർത്താമെന്നത് പൊലീസിന്റെ വ്യാമോഹം മാത്രമാണ്. യുവമോർച്ച മാർച്ചിന് നേരെ ഒരേസമയം ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.