കൊല്ലം: എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് ഭീകരപ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടും ജില്ലയിലെ പൊലീസ് സേനയ്ക്ക് അതീവ നീരീക്ഷണത്തിനുള്ള സംവിധാനമില്ല. സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികൾ 25 ലക്ഷത്തിലേറെയുണ്ടെന്നാണ് സർക്കാരിന്റെ കണക്ക്. എറണാകുളം, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നീ ജില്ലകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ താമസിക്കുന്ന ജില്ലയാണ് കൊല്ലം. 60 ശതമാനം അന്യസംസ്ഥാന തൊഴിലാളികളും ആറുമാസമോ ഒരു വർഷമോ കൂടുമ്പോൾ ജില്ലകൾ മാറി പണിയെടുക്കുന്നവരാണ്. ഇവർ അതത് ജില്ലകളിൽ വാടകയ്ക്ക് താമസിക്കുന്നവരുമാണ്. പെരുമ്പാവൂരിൽ നേരത്തേ ജോലി ചെയ്തിരുന്ന നൂറുകണക്കിന് തൊഴിലാളികൾ ഇപ്പോൾ കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. മത്സ്യബന്ധന മേഖലയിൽ മാത്രം 10, 000ൽ അധികം അന്യസംസ്ഥാന തെഴിലാളികളുണ്ടെന്നാണ് കണക്ക്. അവിടെയും കാര്യമായ നിരീക്ഷണം ഏർപ്പെടുത്തിയിട്ടില്ല.
എങ്ങനെ കണ്ടെത്തും
അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ തൊഴിൽ വകുപ്പിന്റെ കൈയിലുണ്ട്. ഈ വിശദാശംങ്ങളും ആധാർ സംബന്ധിച്ചുള്ള വിവരങ്ങളും പൊലീസിന്റെ പക്കലുമുണ്ട്. എന്നാൽ തൊഴിലാളികൾക്കിടയിൽ ഭീകരപ്രവർത്തകർ കടന്നുകൂടിയിട്ടുണ്ടോ എന്ന് ഉറപ്പിക്കാനുള്ള യാതൊരു സംവിധാനവും നിലവിൽ ജില്ലയിലെ പൊലീസിനില്ല. ദേശീയ അന്വേഷണ ഏജൻസി, സി.ബി.ഐ, റോ തുടങ്ങിയവയുടെ നിർദ്ദേശം ലഭിച്ചാൽ അന്വേഷണം നടത്തുക എന്ന രീതിയാണ് പൊലീസ് പിന്തുടരുന്നത്. തൊഴിലാളി ക്യാമ്പുകൾ, മറ്റ് താമസസ്ഥലങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ച് ഇവരെ നിരീക്ഷിക്കാൻ യാതൊരു സംവിധാനവുമില്ല. ജില്ലയിൽ മിക്കയിടത്തും പ്രവർത്തിക്കുന്നത് ജനമൈത്രി പൊലീസാണ്. ലേബർ ക്യാമ്പുകളിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ കാമറകൾ സ്ഥാപിച്ചാൽ തുടർച്ചയായി നിരീക്ഷണം ഉറപ്പാക്കാമെന്നിരിക്കേ അത്തരമൊരു നീക്കവും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
മുന്നിൽ റൂറൽ പൊലീസ്
അന്യസംസ്ഥാന തൊഴിലാളികളിൽ ഭീകര പ്രവർത്തനവുമായി ബന്ധമുള്ളവർ ഉണ്ടോയെന്നറിയാൻ കൊല്ലം സിറ്റി പരിധിയിൽ യാതൊരു നടപടികളും കൈക്കൊണ്ടിട്ടില്ല. തൊഴിലാളികളുടെ കുറച്ച് വിവരങ്ങൾ പൊലീസിന്റെ പക്കലുണ്ടെന്ന് മാത്രം. എന്നാൽ റൂറൽ എസ്.പിയുടെ നിർദ്ദേശപ്രകാരം നേരത്തേ തന്നെ ചിലയിടത്ത് നിരീക്ഷണം നടത്താൻ ഏർപ്പാടാക്കിയിരുന്നു. ഇതനുസരിച്ച് ചില സ്ഥലങ്ങൾ റൂറൽ പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിലുമാണ്. ചടയമംഗലം, കൊട്ടാരക്കര തുടങ്ങിയ സ്ഥലങ്ങളിൽ ഭീകര പ്രവർത്തനവുമായി ബന്ധമുള്ള ചില തൊഴിലാളികളുണ്ടെന്നാണ് അറിയുന്നത്. അവരിപ്പോൾ സ്വന്തം നാട്ടിൽ പോയിരിക്കുകയാണ്. വന്നാലുടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.
ആകെ അന്യസംസ്ഥാന തൊഴിലാളികൾ: 23,753
നാട്ടിലേക്ക് മടങ്ങിയത്: 15,740
തുടരുന്നവർ: 7,013
അൺലോക്കിൽ തിരിച്ചെത്തിയത്: 1,000
ഡാറ്റ കൈയിലുണ്ട്: കമ്മിഷണർ
അന്യസംസ്ഥാന തൊഴിലാളികളുടെ വിശദാംശങ്ങളെല്ലാം പൊലീസിന്റെ പക്കലുണ്ട്. പ്രത്യേക നിരീക്ഷണം നിലവിൽ നടത്തുന്നില്ല. അസ്വാഭാവിക സംഭങ്ങൾ ഉണ്ടാകുമ്പോഴോ മറ്റ് ഏജൻസികളുടെ ആവശ്യപ്രകാരമോ ആണ് അത് ചെയ്യുക.
ടി. നാരായണൻ, സിറ്റി പൊലീസ് കമ്മിഷണർ.
ചിലർ നിരീക്ഷണത്തിൽ: എസ്.പി
സംശയമുള്ള ചിലരെ പൊലീസ് തുടർച്ചയായി നിരീക്ഷിക്കുന്നുണ്ട്. 11000 പേരുടെ ആധാറും വിശദാംശങ്ങളുമുണ്ട്. എല്ലായിടത്തും വിശദമായ നിരീക്ഷണം നിലവിൽ നടത്തുന്നില്ല.
ഹരിശങ്കർ, റൂറൽ എസ്.പി കൊല്ലം.