port

കൊല്ലം: വിഴിഞ്ഞം പോർട്ടിലെ അസൗകര്യങ്ങൾ കൊല്ലം പോർട്ടിന്റെ എമിഗ്രേഷൻ പോയിന്റ് സ്വപ്നത്തിന് പാരയാവുന്നു. വിഴിഞ്ഞത്ത് എമിഗ്രേഷൻ പോയിന്റുണ്ടെങ്കിലും അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ല. പൂർണതോതിൽ അടിസ്ഥാന സൗകര്യമൊരുക്കാതെ കൊല്ലത്തും എമിഗ്രേഷൻ പോയിന്റ് അനുവദിച്ചാൽ വിഴിഞ്ഞം പോലെയാകുമോയെന്ന ആശങ്കയാണ് തീരുമാനം വൈകിപ്പിക്കുന്നത്. കൊല്ലം പോർട്ടിന്റെ പ്രവേശന കവാടത്തിനൊപ്പം എമിഗ്രേഷൻ ഓഫീസിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്. അതിന് മുൻപ് എമിഗ്രേഷൻ ഓഫീസ് പ്രവർത്തിപ്പിക്കാൻ ഹാർബർ എൻജിനിയറിംഗ് വർക്ക് ഷോപ്പിന്റെ രണ്ടാം നിലയിൽ പോർട്ട് അധികൃതർ സൗകര്യമൊരുക്കിയിട്ടുണ്ട്. അവിടെ ഓഫീസ് തുടങ്ങാൻ എമിഗ്രേഷന്റെ ചുമതലയുള്ള ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥർ നേരത്തേതന്നെ സന്നദ്ധത അറിയിച്ചിരുന്നു. ഇതനുസരിച്ചുള്ള റിപ്പോർട്ട് സംസ്ഥാന സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. സ്ഥിരംസംവിധാനത്തെപ്പറ്റിയുള്ള ആശങ്ക മാറാത്തതിനാലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൊല്ലത്തെ എമിഗ്രേഷൻ പോയിന്റ് വിജ്ഞാപനം നീട്ടുന്നത്.

നേരിയ പ്രതീക്ഷ

കൊല്ലത്ത് എമിഗ്രേഷൻ പോയിന്റ് തുടങ്ങാനാവശ്യമായ കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങളുടെ പട്ടിക ഫോറിൻ രജിസ്ട്രേഷൻ റീജിയണൽ ഓഫീസിൽ നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിരുന്നു. അതിനുള്ള തുക അനുവദിക്കാനുള്ള നടപടി പുരോഗമിക്കുന്നത് ആശങ്കകൾക്കിടയിലും ചെറിയ ആശ്വാസം നൽകുന്നുണ്ട്. വൈകാതെ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എമിഗ്രേഷൻ പോയിന്റ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന പ്രതീക്ഷയാണ് ഈ നടപടികൾ നൽകുന്നത്.

പാസഞ്ചർ ടെർമിനൽ ഉദ്ഘാടനം അടുത്തമാസം

കൊല്ലം പോർട്ടിൽ പൂർത്തിയായ യാത്രാ കപ്പലുകൾ അടുപ്പിക്കാനുള്ള പാസഞ്ചർ ടെർമിനലിന്റെ ഉദ്ഘാടനം അടുത്തമാസം നടക്കും. 101.56 മീറ്റർ നീളമുള്ള ടെർമിനൽ 19.36 കോടി രൂപ ചെലവിലാണ് നിർമ്മിച്ചത്. കടലിൽ 60 പൈലുകൾ സ്ഥാപിച്ചാണ് ടെർമിനൽ നിർമ്മിച്ചത്. 2015ന്റെ പകുതിയോടെയാണ് നിർമ്മാണം തുടങ്ങിയത്. ഹാർബർ എൻജിനിയറിംഗ് വകുപ്പിനായിരുന്നു നിർമ്മാണ ചുമതല. എമിഗ്രേഷൻ പോയിന്റ് ഉടൻ അനുവദിക്കുമെന്ന പ്രതീക്ഷയിൽ ലക്ഷദ്വീപിൽ നിന്ന് യാത്രാക്കപ്പലുകൾ എത്തിക്കാനുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്. തത്ക്കാലം യാത്രാക്കപ്പലുകൾ എത്തിയില്ലെങ്കിലും ചരക്കുകപ്പലുകൾക്ക് പുതിയ ടെർമിനൽ ഉപയോഗിക്കാം. പുതിയ ടെർമിനൽ പൂർത്തിയായതോടെ ഒരേ സമയം രണ്ട് കപ്പലുകൾ കൊല്ലം പോർട്ടിൽ അടുപ്പിക്കാമെന്ന പ്രത്യേകതയുമുണ്ട്. കൊല്ലം പോർട്ടിലെ കണ്ടെയ്നർ ടെർമിനലിന് 185 മീറ്റർ നീളമുണ്ട്. പാസഞ്ചർ ടെർമിനലിന്റെ നീളം 50 മീറ്റർ കൂടി വർദ്ധിപ്പിക്കാനുള്ള സാദ്ധ്യതാപഠനം നടക്കുകയാണ്.

ടെർമിനലിന്റെ നീളം: 101.56 മീറ്റർ

നിർമ്മാണചെലവ്: 19.36 കോടി രൂപ

നിർമ്മാണം തുടങ്ങിയത്: 2015ൽ

60 പൈലുകൾ

കടലിൽ 60 പൈലുകൾ സ്ഥാപിച്ചാണ് ടെർമിനൽ നിർമ്മിച്ചത്.