കൊല്ലം: അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കുരീപ്പുഴയിൽ നഗരസഭ നിർമ്മിക്കുന്ന സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു. പദ്ധതി നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് ഇന്നലെ പ്രദേശവാസികളുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. സർവേ നടപടികൾക്കായി നഗരസഭാ അധികൃതരും ഉദ്യോഗസ്ഥ സംഘവും എത്തുമെന്ന പ്രതീക്ഷയിലാണ് രാവിലെ പ്രതിഷേധ പരിപാടികൾ ആലോചിച്ചത്. എന്നാൽ സമരത്തെക്കുറിച്ച് സൂചന ലഭിച്ചതിനാൽ ഉദ്യോഗസ്ഥർ എത്തിയില്ല.
മാമൂട്ടിൽ കടവിൽ നിന്ന് ആരംഭിച്ച പ്രകടനം ഇരട്ടക്കട, ആശാൻ ജംഗ്ഷൻ വഴി മൗണ്ട്കടവിൽ സമാപിച്ചു. കുരീപ്പുഴ മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ സമിതി പ്രസിഡന്റ് സത്യപാലൻ, സെക്രട്ടറി മണലിൽ സന്തോഷ്, എ.ഇ. ബഷീർ, അനന്തകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
പ്ളാന്റ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച സ്ഥലത്ത് സർവേയ്ക്ക് എത്തിയ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെയും കരാറുകാരെയും പ്രദേശവാസികൾ തടഞ്ഞിരുന്നു. വൻ പൊലീസ് സംഘവും സ്ഥലത്ത് ഉണ്ടായിരുന്നു. ജനങ്ങൾ പിൻവാങ്ങാഞ്ഞതോടെ ഉദ്യോഗസ്ഥ സംഘം മടങ്ങി.
ചർച്ച നടത്തിയില്ല, എതിർക്കും
പദ്ധതിയെ ശക്തമായി എതിർക്കാനാണ് പ്രദേശവാസികളുടെ തീരുമാനം. തങ്ങളുമായി ചർച്ച നടത്താതെയാണ് പുതിയ മാലിന്യ സംസ്കരണ പദ്ധതിയുമായി എത്തിയിരിക്കുന്നതെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.