തൊടിയൂർ: റോഡിൽ വെള്ളം നിറഞ്ഞ് ഗതാഗതം തടസപ്പെട്ടിട്ടും പരിഹാരമില്ല.കരുനാഗപ്പള്ളി ശാസ്താംകോട്ട റോഡിലെ കോട്ടവീട്ടിൽ ജംഗ്ഷനിൽ നിന്നാരംഭിച്ച് പഞ്ചായത്തിലെ ഇരുപത്തിരണ്ടാം വാർഡിലൂടെ ഇടക്കുളങ്ങര എഫ് .സി. ഐ ഡിപ്പോയ്ക്ക് മുന്നിൽ എത്തുന്ന റോഡാണ് വെള്ളക്കെട്ട് കാരണം ഗതാഗതം തടസപ്പെട്ടുകിടക്കുന്നത്.റോഡിന്റെ ഇരുവശങ്ങളിലും പൂർണമായി മതിൽക്കെട്ടായതോടെ വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യമില്ലാതായി.
വെള്ളക്കെട്ടിന് പരിഹാരം വേണം
വെള്ളക്കെട്ടായ ഭാഗത്തിന് തെക്കും വടക്കും റോഡ് കുറച്ച് ഉയർന്ന നിലയിലും മദ്ധ്യഭാഗം താഴ്ന്നുമാണ്.
മഴ പെയ്യുന്ന സമയത്ത് ഇരു വശത്തു നിന്നും വെള്ളം ഒഴുകി ഈ താഴ്ന്ന ഭാഗത്തെത്തുന്നു. ഇത് നിന്ന് വറ്റിയാൽ മാത്രമേ റോഡിലെ വെള്ളക്കെട്ട് ഒഴിവാകൂ. വെള്ളം നിറഞ്ഞു നിൽക്കുന്ന ഭാഗത്ത് റോഡിൽ ഒരു വലിയതെങ്ങുംവൈദ്യുതി തൂണും നിൽപ്പുണ്ട്. റെയിൽവേ സ്റ്റേഷൻ, എഫ് .സി. ഐ ഡിപ്പോ, ഇടക്കുളങ്ങരക്ഷേത്രം എന്നിവിടങ്ങളിൽ എത്തുന്നതിനുള്ള എളുപ്പവഴിയാണിത്.ഈ വഴിക്ക് കുറുകെയാണ് പതിറ്റാണ്ടുകൾ മുമ്പ് കെ. എം. എം.എല്ലിലേയ്ക്ക് റെയിൽപ്പാത നിർമ്മിച്ചത്.ഒരു വർഷം മാത്രമാണ് കെ. എം. എം. എൽ ഈ പാത ഉപയോഗിച്ചത്. കുറുകെ പാത സ്ഥാപിച്ചിടത്തെ റോഡ് ഇപ്പോഴും കിഴ്ക്കാം തൂക്കായി കിടക്കുകയാണ്. അതും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
വെള്ളം ഒഴുകിപ്പോകാനുളള സൗകര്യം ഒരുക്കി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.