sreenarayana-open-univerc

കൊല്ലം: ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ താത്കാലിക ആസ്ഥാനം കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷനിൽ. കോളേജ് ജംഗ്ഷനിൽ തിരുവനന്തപുരത്തേക്കുള്ള ബസ് സ്റ്റോപ്പിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന കെട്ടിടമാണ് പരിഗണിക്കുന്നത്. മൂന്ന് നിലകളിലായി എണ്ണായിരം ചതുരശ്രയടി വിസ്തീർണമുള്ള വീടാണിത്. ഗ്രൗണ്ട് ഫ്ലോറിലെ കുറച്ചുഭാഗവും ഒന്നും രണ്ടും നിലകളുമാണ് വാടകയ്ക്കെടുക്കുന്നത്. ഉന്നതവിദ്യാഭ്യാസ വകുപ്പ് അധികൃതരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും അടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം ഇവിടം സന്ദർശിച്ചിരുന്നു. വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

ആശ്രാമത്ത് അടുത്തിടെ നിർമ്മാണം പൂർത്തിയായ പൊതുമരാമത്ത് വകുപ്പിന്റെ വർക്കിംഗ് വിമൻസ് ഹോസ്റ്റലും താത്കാലിക ആസ്ഥാനത്തിനായി പരിഗണിച്ചിരുന്നു. എന്നാൽ ഈ സ്ഥലം കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിലെ കൊവിഡ് വാർഡിലെ നഴ്സുമാർക്ക് നീരീക്ഷണത്തിൽ പോകാനായി നൽകുകയായിരുന്നു. സർവകലാശാലയ്ക്ക് സ്വന്തമായി കെട്ടിടം വരുന്നതുവരെ താത്കാലിക കേന്ദ്രത്തിലാകും പ്രവർത്തിക്കുക. നഗരഹൃദയത്തിൽ സ്ഥലം കണ്ടെത്താൻ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

ഉദ്ഘാടനം ഒക്ടോബർ രണ്ടിന്

ഒക്ടോബർ രണ്ടിനാണ് സർവകലാശാലയുടെ ഉദ്ഘാടനം. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം സർവകലാശാലയുടെ ഓർഡിനൻസിന് അംഗീകാരം നൽകും. താത്കാലിക കേന്ദ്രമാണെങ്കിലും ഇവിടെതന്നെ ഉദ്ഘാടന ചടങ്ങ് നടത്തും. തലസ്ഥാനത്തെ ഗുരുദേവ പ്രതിമ മുഖ്യമന്ത്രി നേരിട്ടെത്തിയാണ് അനാവരണം ചെയ്തത്. സർവകലാശാലയുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖർ നേരിട്ടെത്തിയേക്കും.