കൊല്ലം: തഴവയിൽ ഇഷ്ടികകമ്പനി മാനേജർക്ക് കൊവിഡ്. തഴവ 19- ാം വാർഡിൽ ഇഷ്ടികകമ്പനിയുടെ മാനേജരായ തിരുവനന്തപുരം സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൊടിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് ഇന്നലെ ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. ഇയാളെ ഇന്നലെ വൈകുന്നേരം വള്ളിക്കാവിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. ഇഷ്ടികകമ്പനിയിലെ ജോലിക്കാരായ പന്ത്രണ്ടുപേരെ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇവരുടെ പരിശോധന ഉടൻ നടത്തും.
അതേസമയം തഴവ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ കൊവിഡ് സ്ഥിരീകരിച്ച മതപുരോഹിതന്റെ സമ്പർക്കപട്ടിക വിപുലമായത് ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും അയൽക്കാരുമുൾപ്പടെ മതപുരോഹിതൻ കഴിഞ്ഞ ദിവസങ്ങളിൽ ഇടപെട്ട മുപ്പതോളം പേരുടെ പട്ടിക ആരോഗ്യ വകുപ്പ് പരിശോധനയ്ക്കായി തയ്യാറാക്കി. ഇവരെല്ലാം വീടുകളിൽ നിരീക്ഷണത്തിൽ തുടരാനും നിർദേശിച്ചു. പുരോഹിതൻ നിസ്കരിക്കാനും മറ്റും പോയിരുന്ന പള്ളിയിൽ ഇദ്ദേഹത്തിനൊപ്പം പങ്കെടുത്തവരും നിരീക്ഷണത്തിലുണ്ട്. ഇദ്ദേഹം അടുത്തിടെ സന്ദർശിച്ച ചില കുടുംബങ്ങളിലെ അംഗങ്ങളും നിരീക്ഷണത്തിലാണ്. പുരോഹിതന്റെ രോഗ ഉറവിടം വ്യക്തമല്ല. കഴിഞ്ഞദിവസം പനി ബാധിച്ച് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി എത്തിയ പുരോഹിതനെ സംശയത്തെ തുടർന്നാണ് ഡോക്ടർ കൊവിഡ് പരിശോധനയ്ക്ക് നിർദേശിച്ചത്. തുടർന്ന്തഴവ മണപ്പള്ളിയിലെ പരിശോധനാ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് പുരോഹിതനെ ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്റ് സെന്ററിലേക്ക് മാറ്റുകയായിരുന്നു. പുരോഹിതന്റെയും അതിന് മുമ്പ് കൊവിഡ് സ്ഥിരീകരിച്ച ആശുപത്രി അറ്റൻഡറുടെയും ഉൾപ്പടെ സമ്പർക്ക പട്ടികയിലുള്ളവരെയും പൊതുജനങ്ങളുമായി കൂടുതൽ അടുത്തിടപഴകുന്ന വിഭാഗങ്ങളിലുള്ളവരെയും ഉൾപ്പെടുത്തി അടുത്ത ദിവസങ്ങളിൽ വീണ്ടും പരിശോധന നടത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.