photo
മത്സ്യബന്ധനത്തിനിടെ കടലിൽ തകർന്ന് കരയ്ക്ക് അടുത്ത ബോട്ട്

കരുനാഗപ്പള്ളി: കടലിലേയ്ക്കിറങ്ങാൻ പറ്റാത്ത സാഹചര്യമാണ്. പക്ഷേ വീട്ടിൽ വിശന്നുകരയുന്ന മക്കളെയോർക്കുമ്പോൾ അലറിയടുക്കുന്ന കടലിലേയ്ക്കും ഇറങ്ങിപ്പോകും. ജീവിതം മുന്നോട്ട് നീക്കാൻ മത്സ്യത്തൊഴിലാളികൾക്ക് മറ്റെന്ത് മാർഗമാണുള്ളത്?​. കടലിൽപോയ ഉറ്റവരുടെ ചേതനയറ്റ ശരീരം നോക്കി ആലപ്പാട്ടെ മത്സ്യത്തൊഴിലാളികൾ ഒന്നടങ്കം ചോദിക്കുന്നതിതാണ്. കടലിൽ പോകാൻ പറ്റാത്ത സമയമായിട്ടുകൂടി പട്ടിണിയോർത്ത് കടലിൽ പോയവർക്കാണ് ജീവൻ നഷ്ടമായത്. കൊവിഡ് പിടിമുറുക്കിയതോടെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിതം ദുരിത പൂർണമാണ്.കഴിഞ്ഞ മാർച്ച് മുതൽ വല്ലപ്പോഴും മാത്രമാണ് കടലിൽ പണിക്ക് പോകുന്നത്.

മത്സ്യത്തൊഴിലാളികളുടെ വിഷമം ആരറിയാൻ

മഴയും കാറ്റും നോക്കാതെ മത്സ്യബന്ധനത്തിറങ്ങുന്നവർ ജീവൻ കൈയ്യിൽ പിടിച്ചാണ് ഇറങ്ങിത്തിരിക്കുന്നത്. ചെറു ബോട്ടുകളാണെങ്കിൽ കരയിൽ നിന്നും 2 കിലോമീറ്ററിന് പുറത്താണ് വല നീട്ടുന്നത്. പൂവാലൻ കൊഞ്ചും ചെറു മത്സ്യങ്ങളുമാണ് ഇവർക്ക് ലഭിക്കുന്നത്. തൊഴിൽ കഴിയുമ്പോൾ ഓരോത്തർക്കും അരി വാങ്ങാനുള്ള പണം കിട്ടും. വീട്ടിലെ പട്ടിണി മാറ്റാൻ ഇതുകൊണ്ട് കഴിയും. മത്സ്യ മേഖലയെ മാത്രം ആശയിച്ച് ജീവിക്കുന്ന തങ്ങളുടെ ദുരിത ജീവിതം പുറം ലോകം അറിയുന്നില്ലെന്ന പരാതിയാണ് ആലപ്പാട്ടെ മത്സ്യത്തൊഴിലാളികൾക്കുള്ളത്. ഭൂമിശാസ്ത്രപരമായി ആലപ്പാട് ഗ്രാമപഞ്ചായത്ത് അറബിക്കടലിനും ടി.എസ്.കനാലിനും മദ്ധ്യേ വാലുപോലെ നീണ്ട് കിടക്കുന്ന പ്രദേശമാണ്. മത്സ്യബന്ധനമല്ലാതെ ഇവടുത്തുകാർക്ക് മറ്റൊരു തൊഴിലും അറിയില്ല.

സർക്കാർ സഹായമില്ല

കായംകുളം മത്സ്യബന്ധ തുറമുഖം കേന്ദ്രീകരിച്ചാണ് ഇവിടുത്തുകാരുടെ തൊഴിൽ . കൊവിഡിന്റെ സാമൂഹ്യ വ്യാപനം വർദ്ധിച്ചതോടെ മത്സ്യബന്ധന തുറമുഖം അടച്ച് പൂട്ടിയതാണ് ഇവരുടെ ജീവിതം ഇത്ര ദുരിതത്തിലായത് .സാമ്പത്തിക ബുദ്ധിമുട്ട് കഴിഞ്ഞ 6 മാസമായി വലയ്ക്കുകയാണെന്ന് മത്സ്യത്തൊഴിലാളിയായ പ്രസന്നൻ പറയുന്നു. സർക്കാരിൽ നിന്നും മതിയായ സഹായങ്ങൾ ലഭിക്കുന്നില്ലെന്ന പരാതിയും മത്സ്യത്തൊഴിലാളികൾക്ക് ഉണ്ട്.

രക്ഷിക്കാനാരുമില്ല

ഒരാഴ്ചക്ക് മുമ്പ് മത്സ്യബന്ധനത്തിന് പോയ ബോട്ട് യന്ത്ര തകരാറു മൂലം കടലിൽ ഉപേക്ഷിക്കേണ്ടി വന്നു. ഇതിൽ ഉണ്ടായിരുന്ന തൊഴിലാളികളെ മറ്റൊരു ബോട്ടാണ് രക്ഷപെടുത്തിയത്. മത്സ്യബന്ധനത്തിനിടയിൽ കടലിൽ അപകടം സംഭവിക്കുന്നത് പതിവാണ് .അപകടത്തിൽ പെടുന്ന മത്സ്യത്തൊഴിലാളികളേയും ബോട്ടുകളേയും രക്ഷപെടുത്തുന്നതിനായി ഫിഷറീസ് വകുപ്പിന്റെ ഒരു ജീവൻ രക്ഷാ ബോട്ട് ഹാർബറിൽ ഉണ്ട്. അപകടത്തിൽ പെടുന്നവരെ സഹായിക്കാൻ രക്ഷാ ബോട്ടിലെ ഉദ്യോഗസ്ഥർ ശ്രമിക്കാറില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. കാരണം കടലിൽ പോയി പരിചയമുള്ളവരല്ല ഇതിലെ ജീവനക്കാർ. തിരമാലകൾ കണ്ടാൽ ഇവർ പേടിച്ച് പോകും. ഇവർക്കെങ്ങനെ കടലിൽ അപകടത്തിൽ പെടുന്നവരെ രക്ഷിക്കാൻ കഴിയുമെന്നാണ് മത്സ്യത്തൊഴിലാളികൾ ചോദിക്കുന്നത്. വിദ്യാസമ്പന്നരും കടലുമായി ബന്ധം ഉള്ളവരുമായ യുവാക്കളെ കൂടി ജീവൻ രക്ഷാ ബോട്ടുകളിൽ നിയോഗിക്കണമെന്ന ആവശ്യവും മത്സ്യത്തൊഴിലാളികളുടെ ഇടയിൽ ശക്തമാകുകയാണ്.