ജീവനക്കാരുടെ ശമ്പളം പിടിച്ചത് തൊഴിലാളികളെ സഹായിക്കാനെന്നും മന്ത്രി
കൊല്ലം: മറ്റ് മേഖലകളിലെ പ്രതിസന്ധികൾ പോലെ സർക്കാരിനും സാമ്പത്തിക പ്രതിസന്ധികളുണ്ടെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. കശുഅണ്ടി വികസന കോർപറേഷന്റെ മികവ് 2020 അവാർഡ് വിതരണം കണ്ണനല്ലൂർ ഫാക്ടറി വളപ്പിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
തൊഴിൽ മേഖല നേരിടുന്ന പ്രതിസന്ധികൾ തൊഴിലാളികൾ തിരിച്ചറിയണം. സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിച്ചത് തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് സഹായം നൽകാനാണെന്നും മന്ത്രി പറഞ്ഞു.
2014 ൽ സർവീസിൽ നിന്ന് വിരമിച്ച തൊഴിലാളികൾക്കും ഹൈക്കോടതി ഉത്തരവ് പ്രകാരം വിട്ടുകൊടുത്ത മുഖത്തല, നെടുവത്തൂർ, എഴുകോൺ, കല്ലമ്പലം എന്നീ ഫാക്ടറികളിലെ തൊഴിലാളികൾക്കുമുള്ള ഗ്രാറ്റുവിറ്റിയുടെ ചടങ്ങിൽ വിതരണം ചെയ്തു.
ചെയർമാൻ എസ്. ജയമോഹൻ അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ രാജേഷ് രാമകൃഷ്ണൻ, തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡന്റ് ജെ. സുലോചന, ഭരണസമിതി അംഗം ജി. ബാബു, കശുഅണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ് ചെയർമാൻ കരിങ്ങന്നൂർ മുരളി തുടങ്ങിയവർ പങ്കെടുത്തു.