കൊല്ലം: കുന്നത്തൂർ പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടിയ സൈനികന്റെ മൃതദേഹം മൂന്നാം ദിവസം കണ്ടെത്തി. കുന്നത്തൂർ നടുവിൽ ഇടവനവിള വീട്ടിൽ ബാബുവിന്റെയും രാധാമണിയുടെയും മകൻ വിനീതാണ് (32) മരിച്ചത്. ഞായറാഴ്ച രാവിലെ 10.30നാണ് ഇയാൾ ആറ്റിൽ ചാടിയത്.
ശാസ്താംകോട്ടയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും കൊല്ലത്ത് നിന്നെത്തിയ സ്കൂബാ ടീമും തെരച്ചിലിനിടെ ഇന്നലെ രാവിലെ 11.30 ന് പാലത്തിനു സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അവധിക്കു ശേഷം ശ്രീനഗറിലെ സൈനിക ക്യാമ്പിലേക്ക് മടങ്ങേണ്ട ദിവസമാണ് യുവാവ് ആറ്റിൽ ചാടിയത്. മുൻപ് പ്രദേശത്തെ പാറക്വാറിയിൽ ചാടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ പിന്തിരിപ്പിച്ച് തിരിച്ചയച്ചിരുന്നു. കുടുംബപ്രശ്നം മൂലമാണെന്ന് വിനീത് ആറ്റിൽച്ചാടിയതെന്ന് പൊലീസ് പറഞ്ഞു. ഭാര്യ: ദീഷ്മ. മക്കൾ: കാശിനാഥ്, ബദരിനാഥ്. ശാസ്താംകോട്ട താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് പരിശോധനയ്ക്ക് ശേഷം സംസ്കരിക്കും.