കൊല്ലം: അൽക്വ ഇദ ബന്ധമുള്ള ഭീകര

terrorists

രെ കേരളത്തിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി പിടികൂടിയിട്ടും അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലടക്കം പൊലീസിന്റെയും ഇന്റലിജൻസിന്റെയും നിരീക്ഷണം പേരിന് മാത്രം. ഏകദേശം രണ്ട് പതിറ്റാണ്ട് മുമ്പാണ് സംസ്ഥാനത്തേക്ക് അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നുവരവ് തുടങ്ങിയത്. പശ്ചിമബംഗാൾ,​ ബീഹാർ,​ യു.പി,​ രാജസ്ഥാൻ,​ അസാം എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് തൊഴിലാളികളുടെ വരവ് വർദ്ധിച്ചതോടെ അതിന്റെ മറവിൽ അവിടങ്ങളിൽ നിന്നുള്ള കുറ്റവാളികളും കേരളത്തെ സുരക്ഷിതതാവളമാക്കി.

മത്സ്യബന്ധനം,​ നിർമ്മാണമേഖല,​ കശുഅണ്ടി ഫാക്ടറികൾ,​ ഹോട്ടലുകളുൾപ്പെടെയുള്ള വ്യാപാര വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് ഏറ്റവുമധികം മറുനാട്ടുകാർ പണിയെടുക്കുന്നത്. തൊഴിലുടമകൾ ഇവരുടെ ഫോട്ടോയും തിരിച്ചറിയൽ രേഖകളുമുൾപ്പെടെയുള്ള വിവരങ്ങൾ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലെത്തി കൈമാറണമെന്ന് നിർദേശിച്ചിട്ടുണ്ടെങ്കിലും മിക്ക കരാറുകാരും ഇതൊന്നും പാലിക്കാറില്ല. തൊഴിലിടങ്ങളിലെത്തി നിയമാനുസൃതമല്ലാതെ തൊഴിലാളികൾ പണിയെടുക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ പൊലീസും മെനക്കെടില്ല. അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി അപ്‌‌നാ ഘർ ഭവന പദ്ധതി ഉൾപ്പെടെ വിവിധ സ്കീമുകൾ ലേബർ വകുപ്പ് ആവിഷ്കരിച്ചെങ്കിലും വളരെ കുറച്ചുപേർ മാത്രമാണ് അതിൽ ഭാഗഭാക്കായത്.

തൊഴിൽതേടി എത്തുന്നവരെന്ന വ്യാജേന ബംഗ്ളാദേശികളും മുഷ്റാബാദ്, സിലിഗുരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള തീവ്ര മനോഭാവക്കാരും ഇവിടെ എത്താറുണ്ട്. ഇത്തരക്കാർ ചില പ്രത്യേക സ്ഥലങ്ങളിൽ കൂട്ടമായേ താമസിക്കാറുള്ളൂ. അവരുടേതായ ഭാഷകളിലുള്ള വാട്സാപ്പ്, ഫേസ് ബുക്ക് ഗ്രൂപ്പുകളും ഇവർക്കുണ്ട്. ഇവരുടെ ഫോൺനമ്പരുൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ പൊലീസിന്റെ പക്കലില്ലാത്തതിനാൽ ഇവർ നടത്തുന്ന ആശയവിനിമയങ്ങളോ ഇടപാടുകളോ നിരീക്ഷിക്കാൻ പലപ്പോഴും കഴിയാറില്ല. സൈബർ ഡ‌ോം ഉൾപ്പെടെയുള്ള സന്നാഹങ്ങളുണ്ടെന്ന് അവകാശപ്പെടുമ്പോഴും അൽക്വ ഇദ ഭീകരരുടെ നീക്കങ്ങൾ തിരിച്ചറിയാൻ പറ്റാതെ പോയതും വീഴ്ചയായി ചൂണ്ടിക്കാട്ടപ്പെടുന്നു.