2000

കൊല്ലം: കെ.എം.എം.എല്ലിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ചവറ പൊലീസ് അറസ്റ്റ് ചെയ്ത ഗീതാറാണിക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലും പുതിയ രണ്ട് കേസുകൾ റിപ്പോർച്ച് ചെയ്തു. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ട് യുവാക്കളുടെ പണം തട്ടിയെടുത്തെന്ന പരാതിയിൽ ഗീതാറാണിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാനായി എറണാകുളം സെൻട്രൽ പൊലീസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകി. കെ.എം.എം.എൽ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ രജിസ്റ്റർ‌ ചെയ്ത പുതിയ കേസിൽ ചവറ പൊലീസും ഐ.എസ്.ആർ.ഒ തൊഴിൽ തട്ടിപ്പ് കേസിൽ കൊട്ടാരക്കര പൊലീസും ഗീതാറാണിയെ കസ്റ്റഡിയിൽ വാങ്ങാൻ വരും ദിവസങ്ങളിൽ കോടതിയിൽ അപേക്ഷ നൽകും. എറണാകുളത്തും കൊട്ടാരക്കരയിലും തട്ടിപ്പിന് കൂട്ടുനിന്ന ഇടനിലക്കാർ മുങ്ങിയതായി പൊലീസ് അറിയിച്ചു. കെ.എം.എം.എൽ തട്ടിപ്പിൽ ഒരു പാർട്ടിയുടെ പ്രാദേശിക നേതാവുൾപ്പെടെ ഇടനിലക്കാരായി പ്രവർത്തിച്ച കൂടുതൽ പേർക്കായി അന്വേഷണം തുടരുകയാണ്. ഗീതാറാണിയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണ്. ബാങ്ക് അക്കൗണ്ടുകളിൽ കാര്യമായ നിക്ഷേപം ഉണ്ടായിരുന്നില്ലെന്നും തട്ടിപ്പ് നടത്തിയ പണം മറ്റ് വിധത്തിൽ ചെലവഴിക്കുകയോ സുരക്ഷിതമായി മറ്റെവിടെങ്കിലും സൂക്ഷിക്കുകയോ ചെയ്തിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.